ജില്ലയില്‍ ആറു മഴമാപിനികള്‍ കൂടി സ്ഥാപിക്കും

0

കല്‍പ്പറ്റ: പെയ്തിറങ്ങുന്ന മഴയുടെ തോത് കണക്കാക്കി മുന്നൊരുക്കങ്ങള്‍ ആസൂത്രണം ചെയ്യാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അനുവദിച്ച ആറു മഴമാപിനികള്‍ കൂടി വയനാട്ടില്‍ സ്ഥാപിക്കും. ഇതിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍ അറിയിച്ചു. പടിഞ്ഞാറത്തറ ബാണാസുരസാഗര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന രണ്ടെണ്ണമടക്കം കെ.എസ്.ഇ.ബി.യുടെ അധികാര പരിധിയില്‍ എട്ട് മഴമാപിനികളുണ്ട്. പുതുതായി അനുവദിച്ചതില്‍ രണ്ടെണ്ണം കൂടി ബാണാസുര സാഗറിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ സ്ഥാപിക്കും. രണ്ടു മഴമാപിനികള്‍ കാരാപ്പുഴയുടെ വൃഷ്ടിപ്രദേശങ്ങളിലും ശേഷിക്കുന്നവ മഴ കൂടുതല്‍ ലഭിക്കുന്ന പ്രദേശങ്ങളിലുമായിരിക്കും സ്ഥാപിക്കുക. അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലേതടക്കം നിലവിലുള്ള മഴമാപിനികളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. ഡാമുകള്‍ തുറന്നുവിടുന്നതിനു മുമ്പ് പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കും. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി കലക്ടറേറ്റില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ഫയര്‍ഫോഴ്സ്, പോലിസ്, റവന്യൂ വകുപ്പുകളുടെ പ്രതിനിധികള്‍ ഇതില്‍ അംഗമായിരിക്കും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നോഡല്‍ ഓഫിസറെ നിയോഗിക്കും. മൂന്നു താലൂക്കുകളിലും അഗ്‌നിശമന സേനയുടെയും പോലിസിന്റെയും ടവര്‍ ലൈറ്റ് സംവിധാനം ഉറപ്പുവരുത്തും. അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ ഉപകരണങ്ങളും വാഹനങ്ങളും ലഭ്യമാക്കേണ്ട ചുമതല ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്കാണ്. സ്വകാര്യ ഭൂമിയിലേതടക്കം അപകട ഭീഷണിയായ മരങ്ങള്‍ മുറിച്ചുമാറ്റും. ദുരിതാശ്വാസ ക്യാംപുകളാക്കി മാറ്റാന്‍ കഴിയുന്ന കെട്ടിടങ്ങള്‍ നേരത്തേ തന്നെ കണ്ടെത്തി ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പു വരുത്തും. ഉപയോഗശൂന്യമായ പാറമടകള്‍ക്കു ചുറ്റും സംരക്ഷണ വേലി നിര്‍മിക്കണമെന്നും വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ ഡ്രെയിനേജുകള്‍ അടിയന്തരമായി വൃത്തിയാക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!