സമഗ്ര ശുചീകരണ യജ്ഞം വിജയം

0

മഴക്കാലപൂര്‍വ, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി നടക്കുന്ന സമഗ്ര ശുചീകരണ യജ്ഞത്തിനായി നാടൊന്നിച്ചു. മാലിന്യമുക്ത വയനാടിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ശുചിത്വമിഷന്‍, ഹരിതകേരളം മിഷന്‍ എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് സമഗ്ര ശുചീകരണ യജ്ഞം നടത്തുന്നത്. കല്‍പ്പറ്റ ജനമൈത്രി ട്രാഫിക് ജംഗ്ഷനില്‍ ഇന്നലെ രാവിലെ ഒമ്പതോടെ ആരംഭിച്ച ശുചീകരണ പരിപാടിക്ക് സികെ ശശീന്ദ്രന്‍ എംഎല്‍എ നേതൃത്വം നല്‍കി. നഗരസഭാ ചെയര്‍പേഴ്സണ്‍ സനിതാ ജഗദീഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി ആലി, നഗരസഭാ കൗണ്‍സിലര്‍മാര്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ പി എ ജസ്റ്റിന്‍, അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ എ കെ രാജേഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സുല്‍ത്താന്‍ ബത്തേരിയില്‍ ചെയര്‍മാന്‍ ടി എല്‍ സാബുവിന്റെ നേതൃത്വത്തില്‍ ടൗണ്‍ ശുചീകരിച്ചു. രാവിലെ 10 മുതല്‍ നഗരസഭ കേന്ദ്രീകരിച്ചായിരുന്നു ശുചീകരണം. ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നെടുങ്കരണയില്‍ നടന്ന ശുചീകരണത്തിന് മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ യമുന, വൈസ് പ്രസിഡന്റ് കാപ്പന്‍ ഹംസ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷഹര്‍ബാന്‍ സൈതലവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം എന്ന സന്ദേശവുമായി നടത്തുന്ന സമഗ്ര ശുചീകരണ യജ്ഞത്തില്‍ ഇന്നലെ പൊതുയിടങ്ങളാണ് ശുചീകരിച്ചത്. ഇന്നു മുതല്‍ വാര്‍ഡ് തലത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും പരിസരവും ശുചീകരിക്കും. അമ്പത് വീടുകള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ അടങ്ങുന്ന ഒരു ക്ലസ്റ്റര്‍, വാര്‍ഡുകള്‍ എന്ന തലത്തിലാണ് ശുചീകരണ പദ്ധതി. ഓരോ ക്ലസ്റ്ററിനും ആനുപാതികമായി ശുചിത്വ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ശുചിത്വ മാപ്പിങും മൈക്രോ ലെവല്‍ കര്‍മ്മ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഹരിതകര്‍മ്മ സേനാംഗങ്ങള്‍, ആശാപ്രവര്‍ത്തകര്‍, സാക്ഷരതാപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഓരോ വാര്‍ഡുകളിലും പ്രദേശങ്ങളെ വേര്‍തിരിച്ച് ശുചീകരണ ടീമിനെ സജ്ജമാക്കിയാണ് പ്രവര്‍ത്തിക്കുക. അജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ നിന്ന് വേര്‍തിരിച്ച് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി കേന്ദ്രങ്ങളില്‍ സംഭരിക്കും. ഇവ പിന്നീട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നീക്കം ചെയ്യും.

പകര്‍ച്ചവ്യാധികള്‍ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജനകീയ പങ്കാളിത്തത്തോടൊപ്പം ജീവനക്കാരുമുണ്ട്. കഴിഞ്ഞ ദിവസം ജീവനക്കാര്‍ കലക്ടറേറ്റും പരിസരവും ശുചീകരിച്ചിരുന്നു. കുടുംബശ്രീ, സാക്ഷരതാ പ്രവര്‍ത്തകര്‍, യുവജന ക്ലബ്ബുകള്‍, സംഘടനകള്‍, വ്യാപാരി വ്യവസായി സംഘടനകള്‍, സ്വകാര്യ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവരും സമഗ്ര ശുചീകരണ യജ്ഞത്തിന്റെ ഭാഗമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!