കോളറ രോഗബാധ: ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

0

കല്‍പ്പറ്റ: ജില്ലയില്‍ കോളറ രോഗബാധ സ്ഥിരീകരിച്ചതോടെ ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാറിന്റെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നു. കോളറ രോഗം ശ്രദ്ധയില്‍പ്പെട്ടതില്‍ പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായും കളക്ടര്‍ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വ്യാപക ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. തോട്ടംമേഖലയില്‍ എസ്റ്റേറ്റ് മാനേജ്‌മെന്റുകള്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുക്കണം. ജലജന്യരോഗങ്ങള്‍ തടയാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണം. തൊഴില്‍ നല്‍കുന്നതിനു മുമ്പ് ഇതര സംസ്ഥാന തൊഴിലാളികളെ പരിശോധനയ്ക്ക് വിധേയമാക്കിയതിന്റെ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന് കൈമാറാന്‍ പ്ലാന്റേഷന്‍ പ്രതിനിധികളോട് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ വിശദാംശങ്ങള്‍ പോലിസിന് നല്‍കുന്നതിനൊപ്പം പകര്‍പ്പ് തൊഴില്‍വകുപ്പിനും ലഭ്യമാക്കണം. രോഗബാധിത മേഖലയില്‍ രണ്ടു കിണറുകളും മൂന്നു കുടിവെള്ള സംഭരണികളുമുണ്ട്. ഇതിന്റെ പരിസരങ്ങളിലും എസ്റ്റേറ്റ് പാടികളിലും സൂപ്പര്‍ ക്ലോറിനേഷനു പുറമെ സമീപ പ്രദേശങ്ങളില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനും കളക്ടര്‍ നിര്‍ദേശിച്ചു. കോളറ സ്ഥിരീകരിച്ച മേഖലയിലെ എസ്റ്റേറ്റ് പാടികളില്‍ തൊഴില്‍, ആരോഗ്യവകുപ്പുകളുടെ നേതൃത്ത്വത്തില്‍ സംയുക്ത പരിശോധന നടത്തി. ശുചിമുറികളുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. നൂന മര്‍ജ, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍, എസ്‌റ്റേറ്റ് മാനേജ്‌മെന്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!