100 വായനവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി പഴശ്ശി ഗ്രന്ഥാലയം
100 വായനവര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം 100-ാം വാര്‍ഷികാചരണ സമാപനം നാളെ നടക്കും. ഉച്ചക്ക് 3 മണിക്ക് മാനന്തവാടി ഗവ:യു.പി സ്‌കൂളില്‍ നടക്കുന്ന സമാപന സമ്മേളനം ഒ.ആര്‍.കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്യും നിലപാടുകളുടെ പ്രശ്‌നം എന്ന വിഷയത്തില്‍ ഡോ.എം. കാരശ്ശേരി മുഖ്യ പ്രഭാഷണം നടത്തുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് ഷാജന്‍ ജോസ് സെക്രട്ടറി വി.കെ പ്രസാദ്, ജിതിന്‍ എം.സി, ഷിനോജ് എം.കെ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
മാനന്തവാടിയുടെ സാംസ്‌കാരിക മുന്നേറ്റത്തിന് വലിയ സംഭാവനകള്‍ നല്‍കി കൊണ്ടിരിക്കുന്ന പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം 1918 ല്‍ ബ്രിട്ടീഷുകാരുടെ കാലത്താണ് പ്രവര്‍ത്തനം ആരംഭിച്ചത്. 100 വായന വര്‍ഷങ്ങള്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി വിപുലമായ സംഘാടക സമിതി ചേര്‍ന്ന് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിഞ്ഞു. വയനാട് സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് വിശിഷ്ടാതിഥിയാവും. ഉദ്ഘാടന ചടങ്ങില്‍ മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് അധ്യക്ഷനാകും. രാത്രി 7 മണിക്ക് പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ വിജയ് സൂര്‍സെന്നും സംഘവും അവതരിപ്പിക്കുന്ന ഗസല്‍ സന്ധ്യ അരങ്ങേറും.