‘സ്വീപ്’ തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ ഗാനം പുറത്തിറക്കി

0

സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാമിന്റെ (സ്വീപ്) ഭാഗമായി കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് തയ്യാറാക്കിയ തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ ഗാനം ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ എ ആര്‍ അജയകുമാര്‍ പ്രകാശനം ചെയ്തു. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി മികച്ച രീതിയിലാണ് സ്വീപ്പിന്റെ പ്രവര്‍ത്തനങ്ങളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വോട്ടിങ് മെഷീനും വിവിപാറ്റും പരിചയപ്പെടുത്തുന്നതിനായി ജില്ലയിലുടനീളം വിവിധ പരിപാടികള്‍ നടന്നുവരികയാണ്. ഇതിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് എല്ലാ വിഭാഗം ജനങ്ങള്‍ക്കും ബോധ്യം വന്നുവെന്നാണ് ഇതു തെളിയിക്കുന്നത്. മികച്ച ഭരണാധികാരികളെ ലഭിക്കുന്നതിന് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാവണം. സ്വീപ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ ഈ സന്ദേശമാണ് പ്രചരിപ്പിക്കുന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ എഡിഎം കെ അജീഷ്, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാരായ ടി ജനില്‍കുമാര്‍, രോഷ്ണി നാരായണന്‍, സ്വീപ് നോഡല്‍ ഓഫിസര്‍ എന്‍ ഐ ഷാജു, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് കുട്ടികള്‍ കളക്ടറേറ്റിലും കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്റ്, എച്ച്ഐഎം യുപി സ്‌കൂള്‍ പരിസരം എന്നിവിടങ്ങളിലും ബോധവല്‍ക്കരണ ഗാനം അവതരിപ്പിച്ചു. കണ്ണൂര്‍ എയര്‍പോര്‍ട്ട് തീം സോങ് ഒരുക്കിയ എസ്‌കെഎംജെ സ്‌കൂള്‍ മലയാളം അധ്യാപകന്‍ ഷാജി മട്ടന്നൂരാണ് തിരഞ്ഞെടുപ്പ് ഗാനമെഴുതി ചിട്ടപ്പെടുത്തിയത്. സ്‌കൂളിലെ 13 വിദ്യാര്‍ത്ഥികളാണ് ഗായകര്‍.

Leave A Reply

Your email address will not be published.

error: Content is protected !!