ശ്രീധന്യക്ക് ഉപദേശവുമായി ഗവര്‍ണര്‍

0

രാഷ്ട്രീയ വിധേയത്വമല്ല ജനങ്ങള്‍ക്കുള്ള സേവനമാണ് സിവില്‍ സര്‍വ്വീസ് ഉദ്യോസ്ഥരില്‍ നിന്ന് ഉണ്ടാകേണ്ടതെന്ന് കേരള ഗവര്‍ണര്‍ റിട്ടയര്‍ഡ് ചീഫ് ജസ്റ്റിസ് പി. സദാശിവം. ഇക്കഴിഞ്ഞ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 410-ാം റാങ്ക് നേടിയ വയനാട് ജില്ലയിലെ ആദ്യത്തെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ശ്രീധന്യ സുരേഷിനെ അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

വയനാട് ജില്ലയില്‍ വിവിധ പരിപാടികള്‍ക്കെത്തിയതായിരുന്നു ഗവര്‍ണര്‍ പി.സദാശിവം. പരിപാടികള്‍ കഴിഞ്ഞ് ശനിയാഴ്ച മടങ്ങേണ്ടതായിരുന്നു. സിവില്‍ സര്‍വ്വീസ് റാങ്ക് ജേതാവായ ശ്രീധന്യ സുരേഷ് തിരുവനന്തപുരത്ത് നിന്ന് രാവിലെ നാട്ടിലെത്തുന്നുണ്ടെന്നറിഞ്ഞാണ് മടക്കയാത്ര ഗവര്‍ണര്‍ ഞായറാഴ്ചത്തേക്ക് മാറ്റിയത്. രാവിലെ വീട്ടിലെത്തിയ ശ്രീധന്യക്ക് പത്ത് മണിയോടെയാണ് കല്‍പ്പറ്റ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ ഗവര്‍ണര്‍ സ്വീകരണമൊരുക്കിയത്. ഗവര്‍ണര്‍ പി.സദാശിവം, ഭാര്യ സരസ്വതി, വയനാട് ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ശ്രീധന്യക്ക് സ്വീകരണം നല്‍കിയത്. മാതാപിതാക്കളായ സുരേഷ്, കമല, സഹോദരന്‍ എന്നിവര്‍ക്കൊപ്പമാണ് ശ്രീധന്യയെത്തിയത്.

പതിനഞ്ച് മിനിട്ടോളം കുടുംബത്തോടൊപ്പം ചിലവഴിച്ച ഗവര്‍ണര്‍ അവര്‍ക്കൊപ്പം ചായ കുടിച്ച് കുശലാന്വേഷണം നടത്തി. രാജ്യത്തിന്റെ ഏത് മൂലയിലായാലും ഏത് സംസ്ഥാനത്ത് ജോലി ലഭിച്ചാലും ഇന്ത്യക്കാരനാണന്നതിലാണ് നാം അഭിമാനം കൊള്ളേണ്ടത്. പ്രാദേശിക വികാരമോ വിവേചനമോ പാടില്ല. രാഷ്ട്രീയ വിധേയത്വമല്ല, സാധാരണക്കാരായ ജനങ്ങള്‍ക്ക് വേഗത്തിലും മെച്ചപ്പെട്ടതുമായ സേവനം നല്‍കുകയാണ് വേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഉയര്‍ന്ന പോലീസുകാരും മാധ്യമ പ്രവര്‍ത്തകരും അടക്കം ശ്രീധന്യക്കൊപ്പം സെല്‍ഫിയെടുത്തും ലളിതമായ ആദരിക്കല്‍ ചടങ്ങിനെ പ്രൗഢമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!