അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മകനെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. സുല്‍ത്താന്‍ ബത്തേരി പഴുപ്പത്തുര്‍ സ്വദേശിയായ കാവുങ്കരക്കുന്ന് കെ. പ്രദീപ് (27) നെയാണ് കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇയാള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും.
2016 സെപ്തംബര്‍ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ അമ്മ രണ്ടാം വിവാഹം ചെയ്തതിലുള്ള വിരോധത്താലാണ് പ്രദീപ് അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സുല്‍ത്താന്‍ ബത്തേരി പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രധാന സാക്ഷികള്‍ കൂറുമാറിയിട്ടും കുറ്റമറ്റ അന്വേഷണത്തിന്റെയും, ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ നാളെ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി ജഡ്ജ് രാമകൃഷ്ണന്‍ വിധിക്കും. സുല്‍ത്താന്‍ ബത്തേരി പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എം.ഡി സുനില്‍ ആണ് കേസന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കേസില്‍ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഭിലാഷ് ഹാജരായി.