താലൂക്ക് ഓഫീസിന് മുന്നില്‍ കുടില്‍ കെട്ടും
പ്രളയം കഴിഞ്ഞ് പിലാക്കാവ് മണിയന്‍കുന്നില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ പെരുവഴിയില്‍. പ്രതിഷേധവുമായി രണ്ടാം തവണയും പ്രദേശവാസികള്‍ തഹസില്‍ദാര്‍ക്ക് മുന്‍പില്‍. രണ്ട് ദിവസത്തിനകം പ്രശ്‌ന പരിഹാരമെന്ന് സബ്ബ് കളക്ടറുടെ ഉറപ്പ്. രണ്ട് ദിവസത്തിനകവും പ്രശ്‌ന പരിഹാരമില്ലെങ്കില്‍ താലൂക്ക് ഓഫീസിനു മുന്‍പില്‍ കുടില്‍ കെട്ടി താമസിക്കാനും തീരുമാനം. ധനസഹായത്തിന് വിലങ്ങ് തടിയായത് ജിയോളജിക്കല്‍ സര്‍വ്വേ ഇന്ത്യയുടെ റിപ്പോര്‍ട്ട്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 8, 9 തീയ്യതികളിലായാണ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം ഉണ്ടായത്. അന്ന് മണിയന്‍ കുന്നിലും പ്രളയം വിതച്ച കുടുംബങ്ങളാണ് സര്‍ക്കാര്‍ ധനസഹായത്തിനായി താലൂക്ക് ഓഫീസ് കയറിയിറങ്ങുന്നത്. ഇവര്‍ക്കുള്ള സഹായം ചുവപ്പ് നാടയില്‍ കുടുങ്ങിയിരിക്കയാണ്.വീടും സ്ഥലവും നഷ്ടപ്പെട്ട 24 കുടുംബങ്ങള്‍ വാടക വീടുകളിലും ബന്ധുവീടുകളിലും മറ്റും അഭയം തേടി കഴിയുകയാണ്. വാടക നല്‍കാത്തതിനാല്‍ പലരെയും ഇറക്കി വിട്ട കഥ വരെ ഇവിടെയുണ്ട്. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ നല്‍കിയ റിപ്പോര്‍ട്ടാണ് ധനസഹായത്തിന് വിലങ്ങുതടിയെന്ന് റവന്യു അധികൃതര്‍ പറയുമ്പോഴും അന്തിയുറങ്ങാന്‍ ഒരിടമില്ലാതെ കഴിയുകയാണ് പിലാക്കാവ് മണിയന്‍കുന്ന് പ്രദേശവാസികള്‍. കഴിഞ്ഞ ഒരാഴ്ച മുന്‍പ് താലൂക്ക് ഓഫീസിനു മുന്‍പില്‍ സമരം നടത്തിയപ്പോള്‍ സബ്ബ് കലക്ടര്‍ ഏപ്രില്‍ 1ന് മുന്‍പ് പ്രശ്‌ന പരിഹാരമുണ്ടാക്കുമെന്ന് പറഞ്ഞിരുന്നു. ഇതും നടകാത്ത സാഹചര്യത്തിലാണ് ഇന്നും പ്രദേശവാസികള്‍ പ്രതിഷേധവുമായി താലൂക്ക് ഓഫീസിലെത്തിയത്.രണ്ട് ദിവസത്തെ സബ്ബ് കലക്ട്ടര്‍ വീണ്ടും നല്‍കിയ ഉറപ്പിന്‍മേല്‍ പ്രതിഷേധം അവസാനിപ്പിച്ചെങ്കിലും പ്രശ്‌ന പരിഹാരമായില്ലങ്കില്‍ താലൂക്ക് ഓഫീസിനു മുന്‍പില്‍ കുടില്‍ കെട്ടി സമരം ആരംഭിക്കാനുള്ള തീരുമാനത്തിലാണ് പ്രദേശവാസികള്‍. ഇന്ന് നടന്ന പ്രതിഷേധത്തിന് നഗരസഭ കൗണ്‍സിലര്‍ മുജീബ് കോടിയോടന്‍, മനോജ് പിലാക്കാവ്, പ്രവീണ്‍ മഞ്ഞംകുന്ന്, സുഹൈര്‍ ഇടിക്കര താഴത്ത്, ലീല മന്നത്ത്പുരയില്‍, സാവിത്രി, ഷരീഫ കളത്തിങ്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.