വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ സ്വന്തം ഭൂമിക്ക് പട്ടയം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ബത്തേരി ഫയര്‍ലാന്റ് സീക്കുന്ന് നിവാസികള്‍. 35 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഈ പ്രദേശത്തെ 229 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ ഉത്തരവ് ലഭിച്ചത്. ഇതിനുവേണ്ടി പ്രവര്‍ത്തിച്ചവരോട് നന്ദി അറിയിക്കുന്നതായും പ്രദേശവാസികള്‍.
ബത്തേരിയിലെ ഫയര്‍ലാന്റ് സീക്കുന്ന് പ്രദേശങ്ങളില്‍ കഴിഞ്ഞ 35 വര്‍ഷമായി താമസിക്കുന്ന 229 കുടുംബങ്ങള്‍ക്കാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 28 ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പട്ടയം നല്‍കാന്‍ തീരുമാനമായത്. മാര്‍ച്ച് 2 ന് ഇതുമായി ബന്ധപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ഉത്തരവിന്റെ കോപ്പിയും ലഭിച്ചു. ഇതിന്റെ ആഹ്ലാദത്തിലാണ് പ്രദേശത്തെ 229 കുടുംബങ്ങള്‍. പട്ടയം കിട്ടാത്തതിനാല്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട പല ആനുകൂല്യങ്ങളും ഇവര്‍ക്ക് നിഷേധിക്കപ്പെടുകയായിരുന്നു. ഒരുപാട് കാത്തിരിപ്പിന് ശേഷം പട്ടയം കിട്ടിയതിന്റെ സന്തോഷത്തിലാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രദേശവാസികള്‍.