ജില്ലാശുപത്രി ചീഞ്ഞ് നാറുന്നു
മാനന്തവാടി: ജില്ലാ ആശുപത്രി പ്രസവ വാര്‍ഡിന് പുറകില്‍ കക്കൂസ് മാലിന്യം കെട്ടികിടന്ന് അസഹ്യമായ ദുര്‍ഗന്ധം വമിക്കുന്നു. മാരക രോഗങ്ങള്‍ പടരാന്‍ സാധ്യത. ജില്ലാ ആശുപത്രി പ്രസവ വാര്‍ഡ്, ഓപ്പറേഷന്‍ തീയേറ്റര്‍, പ്രസവിച്ചവരെയും പ്രസവ സംബന്ധമായ രോഗികളെയും കിടത്തി ചികിത്സിക്കുന്ന വാര്‍ഡ്, ഗൈനക്കോളജി ഒ.പി. എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ പിറകിലാണ് കക്കൂസ് മാലിന്യവും മറ്റ് മാലിന്യങ്ങളും കെട്ടികിടക്കുന്നത്.
കക്കൂസ് മാലിന്യത്തിന്റെ അസഹ്യമായ ദുര്‍ഗന്ധം മൂലം പ്രസവിച്ചവര്‍ക്കും പ്രസവചികിത്സ തേടുന്നവര്‍ക്കും വാര്‍ഡുകളില്‍ നില്‍ക്കാനും കിടക്കാനും പറ്റാത്ത അവസ്ഥയാണ്. കെട്ടിക്കിടക്കുന്ന മാലിന്യത്തില്‍ കൊതുകുകളും മറ്റ് പലവിധ രോഗങ്ങള്‍ പടര്‍ത്തുന്ന അണുക്കളും കെട്ടിക്കിടക്കുന്നുണ്ട്. ഏറ്റവും പെട്ടെന്ന് രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുള്ള പ്രസവിച്ച സ്ത്രീകളും ചോരക്കുഞ്ഞുങ്ങളും ചികിത്സയില്‍ കഴിയുന്ന പ്രസവ വാര്‍ഡിന് പിന്നില്‍ മാലിന്യം കെട്ടിക്കിടക്കുന്നത് കണ്ടിട്ടും ആശുപത്രി അധികൃതര്‍ കണ്ടഭാവം നടിക്കുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രസവ വാര്‍ഡില്‍ നിന്നുള്ള മാലിന്യം ഒഴുകുന്ന പൈപ്പുകള്‍ പൊട്ടിയതിനാലാണ് കക്കുസ് മാലിന്യം അടക്കമുള്ളവ ഇവിടെ കെട്ടികിടക്കുന്നത്. ചുറ്റുഭാഗവും കെട്ടിടങ്ങളായതിനാല്‍ പൈപ്പ് പൊട്ടി പുറത്തേക്ക് വരുന്ന മാലിന്യം ഒഴുകി പോകാനുള്ള സൗകര്യം ഇല്ല. മാലിന്യം ഒഴുകി പോകാനായി ചെറിയ ചാല്‍ കീറിയെങ്കിലും അത് ഫലപ്രദമല്ല. കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ കീഴിലുള്ള ഡ്രഗ്ഗ് വേര്‍ഹൗസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെയും പ്രസവവാര്‍ഡ് കെട്ടിടത്തിന്റെയും ഇടയിലുള്ള സ്ഥലത്താണ് മാലിന്യം കെട്ടികിടക്കുന്നത്. ഇത് മൂലം ഡ്രഗ്ഗ് വേര്‍ഹൗസിലെ ജീവക്കാര്‍ക്കും അസഹ്യമായ ദുര്‍ഗ്ഗന്ധം മൂലം ജോലി ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ്. പ്രസവ വാര്‍ഡിലെ പൈപ്പ് പൊട്ടിമാലിന്യം പുറത്തേക്ക് വരുന്നതിന് പരിഹാരം കണ്ടില്ലെങ്കില്‍ മാരക രോഗങ്ങള്‍ പടരാനുള്ള സാധ്യത ഏറെയാണ്.