ജില്ലയുടെ വിനോദ സഞ്ചാര വികസനത്തിന് കുതിപ്പേകുന്ന വിവിധ പദ്ധതികള്‍ സംസ്ഥാന ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നാളെ (മാര്‍ച്ച് 10) ഉദ്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായാണ് ഉദ്ഘാടനം. കറളാട് വയനാട് അഡ്വഞ്ചര്‍ ക്യാമ്പിന്റെ പ്രവര്‍ത്തനോദ്ഘാടനവും അമ്പലവയല്‍ ചീങ്ങേരിയിലെ ടേക്ക് എ ബ്രേക്ക് പദ്ധതി, മാവിലാംതോട് പഴശ്ശി ലാന്‍ഡ് സ്‌കേപ്പ് മ്യൂസിയം എന്നിവയും മന്ത്രി നാടിനു സമര്‍പ്പിക്കും. സാഹസിക വിനോദസഞ്ചാര വികസനം വിപൂലീകരണ പദ്ധതി പ്രവര്‍ത്തനോദ്ഘാടനം രാവിലെ ഒന്‍പതിന് കര്‍ലാട് പരിസരത്ത് മന്ത്രി നിര്‍വഹിക്കും. സി.കെ ശശീന്ദ്രന്‍ എം.എല്‍എ അദ്ധ്യക്ഷത വഹിക്കും.
അമ്പലവയല്‍ ചീങ്ങേരിയില്‍ നിര്‍മ്മിച്ച ടേക്ക് എ ബ്രേക്ക് പദ്ധതി ഉച്ചയ്ക്ക് 1.15 നും സ്വാതന്ത്ര്യസമര സ്മരണയുണര്‍ത്തുന്ന വണ്ടിക്കടവ് മാവിലാംതോട് വീരപഴശ്ശി സ്മാരക കേന്ദ്രത്തില്‍ ടൂറിസം വകുപ്പ് അനുവദിച്ച തുക ഉപയോഗിച്ച് പൂര്‍ത്തീകരിച്ച പഴശ്ശി ലാന്‍ഡ് സ്‌കേപ്പ് മ്യൂസിയത്തിന്റെ ഉദ്ഘാടനം വൈകീട്ട് 3.30ന് മന്ത്രി നിര്‍വ്വഹിക്കും. ഐടിഡിപി അനുവദിച്ച സ്ഥലത്ത് ടൂറിസം വകുപ്പ് 46 ലക്ഷം രൂപ ചെലവഴിച്ച് എഫ്.ആര്‍.ബി.എല്‍ മുഖേനയാണ് ടേക്ക് എ ബ്രേക്ക് പദ്ധതി പൂര്‍ത്തീകരിച്ചത്. സംസ്ഥാന ടൂറിസം വകുപ്പ് വഴിയാത്ര സഞ്ചാരികള്‍ക്കായി വിഭാവനം ചെയ്ത പദ്ധതിയാണ് ടേക്ക് എ ബ്രേക്ക്. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. വിവിധ പരിപാടികളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ, ടൂറിസം ഡയറക്ടര്‍ ബാലകിരണ്‍, ജില്ലാ കളക്ടര്‍ എ.ആര്‍ അജയ കുമാര്‍, ഡി.ടി.പി.സി സെക്രട്ടറി ബി. ആനന്ദ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.