കല്‍പ്പറ്റയെ നടുക്കിയ തീപിടുത്തം

0

രാത്രി ഏഴരയോടെയാണ് അഞ്ച് നില കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയില്‍ തീപിടുത്തമുണ്ടായത്. ഉടന്‍തന്നെ ജീവനക്കാരെയും വസ്ത്രം വാങ്ങാനെത്തിയവരെയും ഒഴിപ്പിച്ചതിനാല്‍ ആളപായം ഒഴിവായി. ഏറ്റവും മുകളിലുള്ള അഞ്ചാമത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. ഇത് ഗോഡൗണായി ഉപയോഗിച്ചുവരുകയായിരുന്നു. തൊട്ടടുത്ത തുണിക്കടയായ കാവുംങ്ങല്‍ ടെക്‌സ്‌റ്റൈല്‍സിന്റെ കെട്ടിടത്തിന്റെ മുകളിലേക്ക് തീഗോളങ്ങള്‍ വീണു. ഈ കെട്ടിടത്തിന് തീപിടിക്കാതിരിക്കാന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഫോഴ്‌സ് നടത്തിയ ശ്രമം ഫലം കണ്ടതിനാല്‍ തീ അവിടേക്ക് പടരുന്നത് തടയാന്‍ സാധിച്ചു.പിന്നീട് നാലാം നിലയിലേക്ക് വെള്ളം പമ്പ് ചെയ്താണ് തീപടരുന്നത് തടഞ്ഞത്. പുറമേയുള്ള തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞെങ്കിലും കെട്ടിടത്തിനുള്ളിലെ കമ്പിളി ഉള്‍പ്പടെ വസ്ത്രക്കെട്ടുകള്‍ കത്തി തീഗോളങ്ങള്‍ മുകളിലേക്ക് ഉയരുന്നത് കാണാമായിരുന്നു. അന്തരീക്ഷത്തില്‍ വിഷപ്പുക വ്യാപിക്കുകയും ചെയ്തു. മൂന്നാം നിലയിലുള്ള വന്‍ സ്‌ഫോടന സാധ്യതയുള്ള എസി കംപ്രസറിന് തീപിടിക്കാതിരിക്കാനാണ് അഗ്നിശമന സേനാംഗങ്ങള്‍ ശ്രമിച്ചത്. ദേശീയപാതയോട് ചേര്‍ന്ന ഭാഗത്ത് തീയണക്കാന്‍ കഴിഞ്ഞെങ്കിലും കെട്ടിടത്തിന് പിന്‍ഭാഗത്ത് തീ ആളി പടര്‍ന്നുകൊണ്ടേയിരുന്നു. ഇതിന് സമീപമുള്ള വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലില്‍നിന്ന് മുഴുവന്‍ ആളുകളെയും ഒഴിപ്പിക്കുകയും മുകള്‍ ഭാഗത്തുനിന്ന് സിന്ദൂര്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് മുകളിലേക്ക് വെള്ളം പമ്പ് ചെയ്യുകയുമായിരുന്നു. പിന്നീട് താഴത്തെ നിലകളിലേക്ക് തീ വ്യാപിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ ഒരു മണിക്കൂര്‍ നേരം കഠിന പ്രയത്‌നം നടത്തിയിട്ടും തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചില്ല. 550 ഓളം ജീവനക്കാരുള്ള സ്ഥാപനത്തില്‍ നിന്ന് പകുതിയോളം സ്്ത്രീ ജീവനക്കാര്‍ ജോലി കഴിഞ്ഞ് ഇറങ്ങിയ ഉടനെയാണ് തീപിടുത്തമുണ്ടായത്. ആളിപ്പടരുന്ന തീയുടെ മുമ്പില്‍ ഫയര്‍ഫോഴ്‌സ് നിസഹായരായി. ഏറ്റവും മുകളിലത്തെ നിലയിലേക്ക് ഫലപ്രദമായി വെള്ളം ചീറ്റിക്കാനുള്ള ശേഷി ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ക്കുണ്ടായിരുന്നില്ല. ഇതിനിടെ എസി അടക്കമുള്ള സംവിധാനങ്ങള്‍ക്ക് തീപിടിച്ചത് പരിഭ്രാന്തി പടര്‍ത്തി. എസിക്ക് തീപിടിച്ചാല്‍ സ്‌ഫോടനമുണ്ടായി ഒരു കിലോമീറ്റര്‍ അകലെ വരെ തീപിടുത്തമുണ്ടാകുമെന്ന് അധികൃതര്‍ അനൗണ്‍സ് ചെയ്തതിനാല്‍ കാഴ്ചക്കാരായി എത്തിയ ജനക്കൂട്ടം പിന്‍വലിഞ്ഞു. സിന്ദൂര്‍ തുണിക്കടയുടെ ഏറ്റവും അടിയിലെ നിലയിലാണ് കാന്റീന്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന് തീപിടിക്കുമോയെന്ന ആശങ്കയും ഉയര്‍ന്നിരുന്നു.രാത്രി ഒമ്പതരയോടെ കെട്ടിടത്തിനു പുറമെയുള്ള തീ കെടുത്താനായെങ്കിലും ഉള്‍ഭാഗം ആളിക്കത്തിക്കൊണ്ടിരിക്കുകയായിരുന്നു. തീപിടുത്തത്തെ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം മുടങ്ങിയത്.തീപിടുത്തത്തെ തുടര്‍ന്ന് കല്‍പ്പറ്റ ടൗണിലെ വൈദ്യുതി ബന്ധവും അധികൃതര്‍ വിച്ഛേദിച്ചു.തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ 2 ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കും രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഒരാള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു.ഇവരെ ഉടനെ തന്നെ അടുത്തുള്ള ആശുപത്രികളില്‍ എത്തിച്ചു.ജില്ലാ പോലീസ് മേധാവി കറുപ്പുസ്വാമിയുടെ നേതൃത്വത്തില്‍ പോലീസും എഡിഎം അജീഷിന്റെ നേതൃത്വത്തില്‍ റവന്യുവകുപ്പ് ഉദ്യോഗസ്ഥരും കല്‍പ്പറ്റ തുര്‍ക്കി ജീവന്‍രക്ഷാസമിതിയിലെ അംഗങ്ങളുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. സി.കെ. ശശീന്ദ്രന്‍ എംഎല്‍എ സ്ഥലത്തെത്തി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!