തവിഞ്ഞാല്‍ റിസര്‍വ് വനത്തിലെ മരംമുറി; രണ്ടു പേര്‍ക്ക് സസ്‌പെന്‍ഷന്‍
തവിഞ്ഞാല്‍ റിസര്‍വ് വനത്തില്‍ നിന്നു നടപടി ക്രമങ്ങള്‍ പാലിക്കാതെ മരം മുറിച്ചതിനു രണ്ടു പേരെ സസ്പെന്‍ഡ് ചെയ്തു.തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി.വി. ശ്രീധരന്‍, സി.ജെ. റോബര്‍ട്ട് എന്നിവരെ നോര്‍ത്തേണ്‍ സര്‍ക്കിള്‍ സി.സി.എഫ്. കെ.എസ്. ദീപ സസ്‌പെന്‍ഡ് ചെയ്തതായി നോര്‍ത്ത് വയനാട് ഡി.എഫ്.ഒ. കെ.ജെ. മാര്‍ട്ടിന്‍ ലോവല്‍ അറിയിച്ചു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരുടെ പേരിലും തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.കെ. ജയരാജന്റെ പേരിലും അച്ചടക്ക നടപടിക്കു ശുപാര്‍ശ ചെയ്തിട്ടുമുണ്ട്. മറ്റു കുറ്റകൃത്യങ്ങളൊന്നും മരംമുറിയില്‍ സംഭവിച്ചിട്ടില്ലെന്നു ഉറപ്പാക്കാന്‍ തുടരന്വേഷണം നടത്തുമെന്നും വനംവകുപ്പ് അറിയിച്ചു.