മേപ്പാടി കാപ്പംകൊല്ലി പാലവയലില്‍ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് കവര്‍ച്ച. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ജീവനക്കാരന്‍ പാലവയലിലെ മുഹമ്മദ് അഷറഫിന്റെ വീട്ടില്‍ നിന്നാണ് മൂന്നര പവന്‍ സ്വര്‍ണ്ണം, റാഡോ വാച്ച്, സ്വര്‍ണ്ണ മെഡലുകള്‍ എന്നിവ മോഷണം പോയത്. കുടുംബം സ്ഥലത്തില്ലാതിരുന്ന സമയത്താണ് മോഷണം. പരാതിയെത്തുടര്‍ന്ന് മേപ്പാടി പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു.
വീടിന്റെ മുകളിലത്തെ നിലയിലെ ജനല്‍ ചില്ല് തകര്‍ത്ത് വാതിലിന്റെ ടവര്‍ ബോള്‍ട്ടുകള്‍ നീക്കിയാണ് മോഷ്ടാവ് അകത്തു കയറിയത്. അലമാരി കുത്തിത്തുറന്ന് അതിനുള്ളില്‍ സൂക്ഷിച്ചിരുന്ന മൂന്നര പവന്റെ സ്വര്‍ണ്ണം, 30000 രൂപ വില വരുന്ന റാഡോ വാച്ച്, മുഹമ്മദ് അഷ്‌റഫിന്റെ നേവിയില്‍ ഉദ്യോഗസ്ഥനായ മകന് പലപ്പോഴായി ലഭിച്ച സ്വര്‍ണ്ണ മെഡലുകള്‍ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. കഴിഞ്ഞ ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ കുടുംബാംഗങ്ങള്‍ സ്ഥലത്തില്ലായിരുന്നു. ശനിയാഴ്ച രാത്രി തിരിച്ചെത്തിയെങ്കിലും വീടിന്റെ മുകളിലത്തെ നിലയില്‍ നടന്ന മോഷണം ഞായറാഴ്ച രാവിലെയാണ് ശ്രദ്ധയില്‍പ്പെട്ടത് എന്ന് വീട്ടുകാര്‍ പറഞ്ഞു. പരാതി നല്‍കിയതനുസരിച്ച് പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു. പോലീസ്, ഫോറന്‍സിക് വിഭാഗം, വിരലടയാള വിദഗ്ദര്‍, ഡോഗ് സ്‌ക്വാഡ് എല്ലാം സ്ഥലത്തെത്തി പരിശോധന നടത്തി.