വിമുക്ത ഭടനെ തടഞ്ഞുനിര്‍ത്തി പണം തട്ടിയതായി പരാതി. സുല്‍ത്താന്‍ ബത്തേരി കോട്ടക്കുന്നില്‍ ഔഷധി ആയുര്‍വേദ ഷോപ്പ് നടത്തുന്ന കട്ടയാട് സ്വദേശി രാമകൃഷ്ണനെയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ കോട്ടക്കുന്ന് റോഡില്‍ തടഞ്ഞുവെച്ച് സ്‌കൂട്ടറിലെത്തിയ അജ്ഞാതന്‍ പണം തട്ടിയത്. ഷോപ്പിലെത്തി മുമ്പും ഇത്തരത്തില്‍ പണം തട്ടിയതായും രാമകൃഷ്ണന്‍. രണ്ട് തവണയായി 7000 രൂപ നഷ്ടപെട്ടതായാണ് പരാതി.
സംഭവത്തില്‍ പൊലിസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് ഇദ്ദേഹം. സ്‌കൂട്ടിയില്‍ എത്തിയ അജ്ഞാതന്‍ വാഹനം തടഞ്ഞുനിര്‍ത്തി പരിചയമുള്ളതായി തോന്നിപ്പിക്കുംവിധം പേര് വിളിച്ച് സംസാരിച്ചു. തുടര്‍ന്ന് പോക്കറ്റില്‍ കയ്യിട്ട് പണവും മറ്റ് രേഖകളും എടുക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തപ്പോള്‍ രേഖകള്‍ മാത്രം പോക്കറ്റില്‍ തിരിച്ചിടുകയും പണം കവര്‍ന്ന് അജ്ഞാതന്‍ മുങ്ങുകയുമായിരുന്നുവെന്നുമാണ് രാമകൃഷ്ണന്‍ പറയുന്നത്. പണം നഷ്ടപെട്ട വിവരം ടൗണിലെ ബാര്‍ബര്‍ഷോപ്പിലെത്തിയപ്പോഴാണ് ഇദ്ദേഹം അറിയുന്നത്. ഇതിനുമുമ്പ് ഷോപ്പില്‍ മരുന്ന് വാങ്ങാനെന്ന പേരില്‍ എത്തിയവ്യക്തി മരുന്നെടുക്കുന്നതിനിടെ ഷോപ്പില്‍ കയറി മേശവലിപ്പില്‍ നിന്നും പണം അപഹരിച്ചതായും ഇദ്ദേഹം പറഞ്ഞു. ഈ രണ്ട് സംഭവത്തിനുപിന്നിലും ഒരാളാണെന്നാണ് സംശയിക്കുന്നതെന്നും രണ്ട് തവണയായി 7000 രൂപ നഷ്ടപെട്ടതായുമാണ് രാമകൃഷ്ണന്‍ പറയുന്നത്. സംഭവത്തില്‍ പൊലിസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് ഇദ്ദേഹം.