വ്യവസായ വകുപ്പിന്റെ കെ- സ്വിഫിറ്റ് രജിസ്‌ട്രേഷന്റെ പേരില്‍ വൈത്തിരി പഞ്ചായത്തില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ തകൃതിയായി നടക്കുന്നുവെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വ്യവസായങ്ങള്‍ തുടങ്ങുന്നതിന് ആവശ്യമായ ലൈസന്‍സും അനുമതികളും നേടുവാനുള്ള കേരള സര്‍ക്കാരിന്റെ ഏകജാല സംവിധാനമായ കെ-സ്വിഫ്റ്റിന്റെ മറവില്‍ നടക്കുന്നത് അനധികൃത നിര്‍മ്മാണങ്ങളാണ്. പഞ്ചായത്തില്‍ നടക്കുന്ന നിര്‍മ്മാണങ്ങള്‍ അനധികൃതമാണെന്ന് അറിഞ്ഞിട്ടും പഞ്ചായത്ത് നടപടി സ്വീകരിക്കാതെ നോക്കുകുത്തിയായി നില്‍ക്കുകയാണെന്നും ഭാരവാഹികള്‍ ആരോപിച്ചു.
റെഡ് സോണില്‍ പെട്ട സ്ഥലത്തും പുഴ കൈയേറിയുമാണ് പല നിര്‍മ്മാണങ്ങളും നടക്കുന്നത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണങ്ങള്‍ക്കെല്ലാം കെ-സ്വിഫ്റ്റിന്റെ രജിസ്‌ട്രേഷന്‍ ഉണ്ട് എന്ന് പറഞ്ഞ് 3.5 വര്‍ഷക്കാലത്തേക്ക് പ്രവര്‍ത്തിക്കാനുള്ള മൗനാനുവദം നല്‍കുകയാണ് പഞ്ചായത്ത്.ഇതിനു പുറകില്‍ വലിയ സാമ്പത്തിക ഇടപാടുകള്‍ പഞ്ചായത്ത് അധികൃതര്‍ നടത്തുന്നു. ഏത് രജിസ്‌ട്രേഷന്‍ ഉള്ളതാണെങ്കിലും പഞ്ചായത്തില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് പഞ്ചായത്തിന് ഉത്തരവാദിത്തം ഉണ്ടെന്നിരിക്കെ റെഡ് സോണില്‍ പോലും നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് എതിരെ പഞ്ചായത്ത് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
റെഡ് സോണില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് പഞ്ചായത്ത് അറിഞ്ഞിട്ടുണ്ടെങ്കില്‍ അത് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കേണ്ട ഉത്തരവാദിത്വം പഞ്ചായത്തിനുണ്ട്. കെ – സ്വിഫിറ്റിന്റെ രജിസ്‌ട്രേഷന്റെ പേരിലാണെങ്കില്‍ പോലും പഞ്ചായത്തില്‍ നടക്കുന്ന ഒരു നിര്‍മ്മാണ പ്രവര്‍ത്തി അനധികൃതമാണോ എന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്വം പഞ്ചായത്തിനും പഞ്ചായത്ത് അധികൃതര്‍ക്കും ഉണ്ട്. അതില്‍ എന്തെങ്കിലും അപാകതകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് കെ-സ്വിഫ്റ്റിന്റെ അതോറിറ്റിയെ അറിയിക്കേണ്ട ഉത്തരവാദിത്വം പഞ്ചായത്തിനാണ്.അങ്ങനെ പഞ്ചായത്ത് ചെയ്തില്ലെങ്കില്‍ മൂന്നര വര്‍ഷക്കാലത്തേക്ക് അനധികൃതമായി നടക്കുന്ന പ്രവര്‍ത്തികള്‍ അങ്ങനെ നടന്നുകൊണ്ടിരിക്കും.വലിയ ദുരന്തങ്ങള്‍ സംഭവിച്ചതിനുശേഷം ആയിരിക്കും മറ്റു സംവിധാനങ്ങള്‍ എല്ലാം ഇതിന്റെ പുറകെ പോകുന്നത്. ഈ രീതിയിലാണ് വൈത്തിരി പഞ്ചായത്തിലെ ഒട്ടുമിക്ക നിര്‍മ്മാണ പ്രവര്‍ത്തികളും നടക്കുന്നത്. പഞ്ചായത്തിന്റെ അറിവോടെ പല പേരുകള്‍ പറഞ്ഞ് അനധികൃതമായി നിര്‍മ്മാണങ്ങള്‍ ആണ് വൈത്തിരിയില്‍ നടക്കുന്നത്. വൈത്തിരി പഞ്ചായത്തിലെ മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തികളും അനേഷിച്ച് അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നടപടിയെടുത്തില്ലങ്കില്‍ ശക്തമായ സമരങ്ങള്‍ക്കും നിയമനടപടികള്‍ക്കും യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും ഇവര്‍ പറഞ്ഞു. ഭാരവാഹികളായ ഡിന്റോ ജോസ്, ഹര്‍ഷല്‍ കോന്നാടന്‍, രോഹിത് ബോധി, ആഷിഖ് കെ, ആല്‍ഫിന്‍ അമ്പാറയില്‍, സഫ്വാന്‍ എം തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
.