കര്‍ണാടകയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവിന്റെ വന്‍ശേഖരവുമായി രണ്ടുപേരെ പൊലീസ് പിടികൂടി. അരീക്കോട് വെറ്റിലപ്പാറ കാവുംപുറത്ത് ഷൈന്‍ അബ്രഹാം(31), വെറ്റിലപ്പാറ എടക്കാട്ടുപറമ്പ് പുളിക്കപ്പറമ്പില്‍ അജീഷ് ജോണ്‍ (47) എന്നിവരെയാണ് പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും സ്‌കൂട്ടറില്‍ ഒളിപ്പിച്ചുകടത്തിയ രണ്ടേകാല്‍കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇന്നലെ രാത്രി പെരിക്കല്ലൂര്‍ ഗവ. സ്‌കൂളിന് സമീപം പുല്‍പ്പള്ളി എസ്.ഐ. എച്ച്. ഷാജഹാന്റെ നേതൃത്വത്തില്‍ പോലീസ് നടത്തുന്നതിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
വാഹന പരിശോധന നടത്തുന്നതിനിടെ ഇവര്‍ പെരിക്കല്ലൂര്‍ കടവ് ഭാഗത്തുനിന്നും സ്‌കൂട്ടറിലെത്തുകയായിരുന്നു. പോലീസിനെ കണ്ട് ഷൈന്‍ സ്‌കൂട്ടര്‍ നിര്‍ത്തിയതോടെ പിന്നിലിരിക്കുകയായിരുന്ന അജീഷ് ഇറങ്ങിയോടി രക്ഷപെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെടുത്തത്. രക്ഷപെട്ട അജീഷിനെ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം അര്‍ധരാത്രിയോടെതന്നെ പെരിക്കല്ലൂരിന് സമീപത്തുനിന്നും പിടികൂടി.
മലപ്പുറത്ത് വില്പന നടത്തുന്നതിനായാണ് പ്രതികള്‍ കര്‍ണാടകയിലെ ബൈരക്കുപ്പയില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് വാങ്ങിയത്. 35000 രൂപ നല്‍കിയാണ് പ്രതികള്‍ കഞ്ചാവ് വാങ്ങിയത്. ചില്ലറ വിപണിയില്‍ ഇതിന് ഒന്നര ലക്ഷത്തോളം രൂപ വിലമതിക്കുമെന്ന് പോലീസ് പറഞ്ഞു. സമീപകാലത്ത് പോലീസ് നടത്തിയ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. പിടിയിലായ ഷൈനും അജീഷും അരീക്കോട് പോലീസ് സ്റ്റേഷനില്‍ വിവിധ കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. എസ്.ഐ. എച്ച്. ഷാജഹാന്റെ നേതൃത്വത്തില്‍
സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അജീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ തോമസ്, മുഹമ്മദ് അല്‍ത്താഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.