വന്യമൃഗങ്ങള്‍ക്ക് തീറ്റയും വെള്ളവും:  ഒരുകോടി രൂപയുടെ പ്രവര്‍ത്തനങ്ങളുമായി വനംവകുപ്പ്

0

വന്യമൃഗങ്ങള്‍ക്ക് തീറ്റയും വെള്ളവും ഒരുക്കാനും കാട്ടുതീയില്‍ നിന്നുള്ള സംരക്ഷണത്തിനുമായി വയനാട് വന്യജീവിസങ്കേതത്തില്‍ ഒരുകോടി രൂപയുടെ പ്രവര്‍ത്തനങ്ങളുമായി വനംവകുപ്പ്. കുളങ്ങള്‍ നവീകരിച്ചും, താല്‍ക്കാലിക തടയണകള്‍ തയ്യാറാക്കിയും കൂടുതല്‍ വാച്ചര്‍മാരെ നിയോഗിച്ചുമാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വേനല്‍ ശക്തമായതിനാല്‍ വന്യജീവിസങ്കേതവുമായി അതിര്‍ത്തിപങ്കിടുന്ന വനമേഖലകളില്‍ നിന്നും വന്യമൃഗങ്ങള്‍ കൂട്ടത്തോടെയാണ് തീറ്റയും വെള്ളവും തേടി ഇവിടേക്ക് എത്തുന്നത്.

മനുഷ്യ വന്യജീവി സംഘര്‍ഷം രൂക്ഷമായ വയനാട്ടില്‍, തീറ്റയും വെള്ളവും തേടി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം വന്യജീവിസങ്കേതത്തിലേക്ക് എത്തുന്ന വന്യമൃഗങ്ങളെ കാട്ടില്‍ തന്നെ നിര്‍ത്തുന്നതിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങളാണ് വനംവകുപ്പ് നടപ്പാക്കുന്നത്. ഭക്ഷണവും വെള്ളവും സുരക്ഷയും ഉറപ്പാക്കുക എന്നലക്ഷ്യത്തോടെ ഒരു കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. കുടിവെള്ളം ഉറപ്പാക്കുന്നതിന്റെ ഭാഗമായി 205 ജലസ്രോതസ്സുകള്‍, 100 താല്‍ക്കാലി തടയണകള്‍ എന്നിവ നവീകരിക്കുകയും നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ പച്ചപ്പുള്ള വയലേലകല്‍ലടക്കമുള്ള ജലലഭ്യത ജിപിഎസ് സംവിധാനം ഉപയോഗിച്ച് നിരീക്ഷിച്ചുംവരുന്നുണ്ട്. കൂടാതെ 120 ഹെക്ടര്‍ പുല്‍മേട് വെട്ടി ഇളംപുല്ല് കിളിര്‍ക്കാനുളള സംവിധാനവും ഒരുക്കി. കാട്ടുതീ പ്രതിരോധത്തിനായി സംസ്ഥാന വനഅതിര്‍ത്തികളിലും ദേശീയ- സംസ്ഥാന പാത അതിര്‍ത്തികളിലുമായി 200 കിലോമീറ്റര്‍ ഫയര്‍ ബ്രേക്കറും തീര്‍ത്തിട്ടുണ്ട്. കൂടാതെ വന്യജീവിസങ്കേതത്തില്‍ 25 സ്ഥിരം ആന്റി പോച്ചിങ് ക്യാമ്പ്, പ്രത്യേക ഇടങ്ങളിലായി 5 വാച്ച് ടവറുകള്‍, സങ്കേതത്തിലെ നാല് റേഞ്ചുകളിലായി 29 താല്‍ക്കാലിക മച്ചാന്‍സ്, 100-ാളം വാച്ചര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. നോര്‍ത്ത്- വയനാട് വനംഡിവിഷനുകളിലും താല്‍ക്കാലിക ചെക്ക് ഡാമുകള്‍ തീര്‍ത്തുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും വനംവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. ഇത്തവണ ശക്തമായ വേനലായതിനാല്‍ അതിര്‍ത്തി സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ ബന്ദിപ്പൂര്, നാഗര്‍ഹോള, മുതമുതല എന്നീ വനസങ്കേതങ്ങള്‍ നേരത്തെ ഉണക്ക് ബാധിച്ചിരുന്നു. ഇതോടെ ഇവിടങ്ങളില്‍ നിന്ന് വേനലിലും സമൃദ്ധമായി വെള്ളവും തീറ്റയും ലഭ്യമാകുന്ന വയനാട് വന്യജീവിസങ്കേതത്തിലേക്ക് ആന, കാട്ടുപോത്ത്, മാന്‍, കടുവ അടക്കമുള്ള വന്യമൃഗങ്ങള്‍ കൂട്ടാമായാണ് എത്തുന്നത്. ഇനി മഴ ലഭിച്ച് കാട്ടില്‍ തീറ്റയും വെള്ളവും ആകുന്നതോടെയാണ് ഇവ തിരികെ പോകുക.

Leave A Reply

Your email address will not be published.

error: Content is protected !!