വിത്തുത്സവം മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍

0

സുസ്ഥിര കൃഷിക്ക് ആരോഗ്യമുള്ള വിത്തുകള്‍ എന്ന സന്ദേശവുമായി എട്ടാമത് വയനാട് വിത്തുത്സവം മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ പുത്തൂര്‍വയല്‍ ഡോ.എം.എസ്.സ്വാമിനാഥന്‍ ഗവേഷണനിലയത്തില്‍ നടക്കും. ഡോ.എം.എസ്.സ്വാമിനാഥന്‍ ഗവേഷണനിലയം, വയനാട് ആദിവാസി വികസന പ്രവര്‍ത്തക സമിതി, പരമ്പരാഗത വിത്ത് സംരക്ഷകരുടെ സംഘടന സീഡ് കെയര്‍ എന്നിവ സംയുക്തമായാണ് ഉത്സവം സംഘടിപ്പിക്കുന്നത് എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വിത്തുത്സവം ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസും വിത്തുപുര, പ്രദര്‍ശനശാല എന്നിവ ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണിയും ഒന്നിനു രാവിലെ 10ന് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും.

വയനാടിന്റെ തനത് വിത്ത് വൈവിധ്യത്തിന്റെ പ്രദര്‍ശനം, വിത്ത് കൈമാറ്റം, ജൈവ വൈവിധ്യ സ്റ്റാര്‍ട്ട് അപ്പ് മീറ്റ്, സാമൂഹിക കാര്‍ഷിക ജൈവവൈവിധ്യസംരക്ഷണ അവാര്‍ഡ് വിതരണം, ദേശീയ പ്ലാന്റ് ജിനോം സേവ്യര്‍ പുരസ്‌കാര ജേതാക്കളെ ആദരിക്കല്‍, സെമിനാറുകള്‍, ഗവേഷകര്‍ക്കുള്ള പോസ്റ്റര്‍ സെഷനുകള്‍, കാര്‍ഷിക വിപണനമേള, പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്, വിദ്യാര്‍ഥികള്‍ക്കു പരീശീലനം, മത്സരങ്ങള്‍, എന്നിവ വിത്തുത്സവത്തിന്റെ ഭാഗമാണെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.

വയനാട് ആദിവാസി വികസന പ്രവര്‍ത്തക സമിതിയുടെ ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാരങ്ങള്‍ അദ്ദേഹം പ്രഖ്യാപിക്കും. പ്ലാന്റ് ജിനോം സേവിയര്‍ അവാര്‍ഡ് നേടിയ എം.സുനില്‍കുമാര്‍, പ്രസീത്കുമാര്‍ തയ്യില്‍, പി.എ.സലിം എന്നിവരെ ജില്ലാ പഞ്ചയാത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആദരിക്കും. രണ്ടിനു വൈകുന്നേരമാണ് ഉത്സവ സമാപനം.
ഗവേഷണ നിലയം മേധാവി ഡോ.വി.ഷക്കീല, വയനാട് ആദിവാസി വികസന പ്രവര്‍ത്തക സമിതി പ്രസിഡന്റ് എ.ദേവകി, സംഘാടക സമിതി ഭാരവാഹികളായ ജിബിന്‍ തോമസ്, വി.പി.കൃഷ്ണദാസ്, എം.ആര്‍.സുനില്‍കുമാര്‍, പി.മണിലാല്‍, എം.കെ.ബിനേഷ്, പി.പ്രജീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!