കുടുംബശ്രീ ജില്ലാ മിഷന്റെ സ്നേഹിതാ ജന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് സേവനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കാന്‍ സ്റ്റിക്കര്‍ ക്യാമ്പയിന് തുടക്കമായി.അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്ക് സൗജന്യ കൗണ്‍സിലിംഗ്, നിയമ പിന്തുണ, ബോധവത്ക്കരണ ക്ലാസുകള്‍, അതിജീവന സഹായങ്ങള്‍, താത്ക്കാലിക അഭയം, പുനരധിവാസ സേവനങ്ങളാണ് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ജന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് മുഖേന ലഭ്യമാക്കുന്നത്.
ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സ്റ്റിക്കര്‍ പതിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിജിലന്റ് ഗ്രൂപ്പുകള്‍, ജന്‍ഡര്‍ റിസോഴ്‌സ് സെന്ററുകളിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്‌നേഹിതയുടെ ഷോര്‍ട്ട് സ്റ്റേ ഹോമില്‍ സുരക്ഷിത താമസം, സൗജന്യ നിയമ സഹായം, മാനസിക പിന്തുണ നല്‍കി വരുന്നു. രാത്രികാലങ്ങളില്‍ ഒറ്റയ്ക്ക് യാത്ര ചെയുന്ന സ്ത്രീകള്‍, പരീക്ഷ, ജോലി സംബന്ധിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് സ്‌നേഹിതയുടെ ഷോര്‍ട്ട് സ്റ്റേ ഹോമില്‍ താമസിക്കാം. അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളുടെ ഉപജീവനം, അതിജീവനം, സുരക്ഷ എന്നിവയ്ക്കായി സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെ സേവനവും ഉറപ്പാക്കുന്നുണ്ട്. സ്‌കൂള്‍, കോളേജ് തലങ്ങളില്‍ ലിംഗ നീതി ലക്ഷ്യമിട്ട് വിവിധ പഠനപ്രക്രിയകളും അവബോധ പ്രവര്‍ത്തനങ്ങളും സ്നേഹിത മുഖേന നടത്തുന്നുണ്ട്. ‘സ്നേഹിത@സ്‌കൂള്‍/കോളജിലൂടെ തെരഞ്ഞെടുക്കുന്ന വിദ്യാലയങ്ങളിലെ അരക്ഷിതാവസ്ഥയിലുള്ള വിദ്യാര്‍ഥികള്‍ക്ക് സാമൂഹിക പങ്കാളിത്തം ഉറപ്പാക്കാന്‍ ജന്‍ഡര്‍ ക്ലബുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തില്‍ നടന്ന ക്യാമ്പയിന്‍ ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡി.വൈ.എസ്.പി പളനി, പ്രഭാകരന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്‌മണ്യന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ആശ പോള്‍, വനിതാ സെല്‍ സി ഐ ഉഷാകുമാരി, സ്‌നേഹിതാ സ്റ്റാഫ് അംഗങ്ങളായ ബീന, സിന്ധു, സിമി, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ബബിത എന്നിവര്‍ പങ്കെടുത്തു.