സീതാമൗണ്ട് ചണ്ണോത്തുകൊല്ലിയില്‍ കൃഷിയിടങ്ങളിലേക്ക് തീപടര്‍ന്ന് കാര്‍ഷിക വിളകള്‍ കത്തി നശിച്ചു. സീതാമൗണ്ട് ടവറ്കുന്നിലെ പിണക്കാട്ട് രാജേഷിന്റെ രണ്ടേക്കറോളം വരുന്ന കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസം സന്ധ്യയോടെ തീപടര്‍ന്നത്. തോട്ടത്തിലുണ്ടായിരുന്ന കുരുമുളക്, റബര്‍ തുടങ്ങിയ വിളകളും ജലസേചനത്തിന് ഉപയോഗിക്കുന്ന പൈപ്പ് ലൈനുകളും വെള്ള ടാങ്കും കത്തിനശിച്ചു. തോട്ടത്തിന് തീയിട്ടതാണെന്നാണ് സംശയം. രാജേഷ് പൊലീസില്‍ പരാതി നല്‍കി.
തീയുയരുന്നത് കണ്ട് സമീപത്തെ വീട്ടുകാര്‍ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. ഒരേക്കറോളം സ്ഥലത്ത് അഞ്ച് വര്‍ഷം പ്രായമുള്ള കുരുമുളക് വള്ളികളും ഒരേക്കറോളം സ്ഥലത്തെ 12 വര്‍ഷം പ്രായമുള്ള 250 ഓളം റബര്‍ മരങ്ങളുമാണ് കത്തി നശിച്ചത്. ആറ് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സമീപത്തെ കോട്ടപ്പുറത്ത് റോസമ്മ, പുലക്കുടിയില്‍ സരസമ്മ എന്നിവരുടെ തോട്ടങ്ങളിലേക്കും തീ പടര്‍ന്ന് കൃഷിനാശമുണ്ടായി. ഫയര്‍ഫോഴ്സിന് എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലമാണിത്. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് രണ്ട് മണിക്കൂറോളം പണിപ്പെട്ടാണ് തീയണച്ചത്. തോട്ടത്തിന് തീയിട്ടതാണെന്നാണ് സംശയം. രാജേഷ് പുല്പള്ളി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.