രാത്രിയാത്ര നിരോധനം, ബന്ദിപ്പൂര്‍ വനമേഖലയിലൂടെ അടിയന്തരഘട്ടങ്ങളില്‍ വാഹനങ്ങള്‍ കടത്തിവിടാമെന്ന് കര്‍ണാടക വനംവകുപ്പ്. ഇതോടെ അടിയന്തരസാഹചര്യം ബോധ്യപ്പെടുത്തുന്നവര്‍ക്ക് യാത്രാനിരോധനം നിലനില്‍ക്കുന്ന സമയത്ത് കടന്നുപോകാമെന്ന സാഹചര്യമാണ് ഉണ്ടാവുക. യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചതിനുശേഷമായിരിക്കും ഇത്തരത്തില്‍ വാഹനങ്ങള്‍ കടത്തിവിടുക. കഴിഞ്ഞദിവസം രാത്രിയില്‍ പാത സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ കര്‍ണാടക വനംവകുപ്പ് മന്ത്രി ഈശ്വര്‍ ഖന്ഡ്രെയാണ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്.
കഴിഞ്ഞദിവസം രാത്രി ബന്ദിപ്പൂര്‍ വനമേഖലയില്‍ രാത്രിയാത്ര നിരോധനം നിലനില്‍ക്കുന്ന മൂലഹള്ളെമുതല് മഥൂര്‍വരെയുള്ള ഭാഗത്ത് കര്‍ണാടക വനംവകുപ്പ് മന്ത്രി ഈശ്വര്‍ ഖന്‍ഡ്രെ ഉദ്യോഗസ്ഥര്‍ക്കൊപ്പം എത്തി പരിശോധന നടത്തി്. പാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണവും വാഹനങ്ങള്‍ തട്ടി ചത്ത മൃഗങ്ങള്‍ ചത്തതിന്റെ വിവരവും മറ്റും ഉദ്യോഗസ്ഥരില്‍ ശേഖരിച്ചു. രാത്രിയാത്രാ നിരോധനം നീക്കണമെന്ന കേരളസര്‍ക്കാറിന്റെ ആവശ്യത്തെപ്പറ്റിയും ഉദ്യോഗസ്ഥരുമായി മന്ത്രി ചര്‍ച്ചനടത്തി. തുടര്‍ന്നാണ് അടിയന്തരസാഹചര്യങ്ങളില്‍ വാഹനങ്ങള്‍ കടത്തിവിടാന്‍ നിര്‍ദ്ദേശിച്ചത്.രാത്രി യാത്ര നിരോധനം സംബന്ധിച്ച കേസില്‍ തല്‍സ്ഥിതി അറിയിക്കാന്‍ സുപ്രീംകോടതി കേരള കര്‍ണാട കേന്ദ്രസര്‍ക്കാറുകള്‍ നോട്ടിസ് അയിച്ചിരുന്നു. ഇതിന്റെ പശ്ചാതലത്തില്കൂടിയാണ് മന്ത്രി പാത സന്ദര്‍ശിച്ചത്. ഇതുസംബന്ധിച്ചുള്ള കേസ് ഇനി ഏപ്രിലിലാണ് സുപ്രീംകോടതി പരഗണിക്കുന്നത്. നിലവില്‍ രാത്രിയാത്രനിരോധനം നിലനില്‍ക്കുന്ന സമയമായ രാത്രി 9മണിമുതല്‍ രാവിലെ 6മണിവരെ ആംബുലന്‍സുകള്‍ക്കും പ്രത്യേക പെര്‍മിറ്റുള്ള ചുരുങ്ങിയ ബസുകള്‍ക്കുമാണ് യാത്രചെയ്യാന്‍ അനുമതിയുള്ളത്.