ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം പരിഹരിക്കാനുള്ള മേല്‍പ്പാല പദ്ധതിക്ക് അനുമതി ലഭ്യമാക്കാന്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തോടും കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തോടും ചര്‍ച്ച നടത്തി 6 ആഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു. കേരള സര്‍ക്കാരും നീലഗിരി വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മിറ്റിയും സമര്‍പ്പിച്ച അപ്പീലിലാണ് ഈ ഉത്തരവ്.
മേല്‍പ്പാല പദ്ധതിക്ക് തങ്ങള്‍ അനുകൂലമാണെന്നും ചെലവിന്റെ പകുതി നല്‍കാമെന്നും കേന്ദ്ര റോഡ് ഗതാഗതവും ഹൈവേയും മന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കേരള സര്‍ക്കാരും ചെലവിന്റെ പകുതി നല്‍കാമെന്ന് ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചു. കേന്ദ്ര റോഡ് ഗതാഗതവും ഹൈവേയും മന്ത്രാലയവും കേരള സര്‍ക്കാരും സമര്‍പ്പിച്ച സത്യവാങ്മൂലം പരിഗണിച്ച് പദ്ധതിക്ക് അനുമതി നല്‍കണമെന്ന് നീലഗിരി – വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മിറ്റിയുടെ അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ രണ്ടു വകുപ്പുകള്‍ തമ്മില്‍ പദ്ധതിക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതായി അഡ്വക്കേറ്റ് ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് രണ്ടു മന്ത്രാലയങ്ങളോടും ചര്‍ച്ച നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടത്. ആക്ഷന്‍ കമ്മിറ്റിക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ റിട്ട. ജസ്റ്റിസ് പി.എന്‍.രവീന്ദ്രന്‍, പി.എസ്.സുധീര്‍ എന്നിവര്‍ ഹാജരായി.