ആയുഷ്ഗ്രാമം പദ്ധതി മാനന്തവാടിയില്‍ തുടങ്ങി
നാഷണല്‍ ആയുഷ് മിഷന്‍ കേരള സര്‍ക്കാരിന്റെ ഭാരതീയ ചികിത്സ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ആയുഷ്ഗ്രാമം പദ്ധതിയില്‍ ജില്ലയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിനെ തിരഞ്ഞെടുത്തതിന്റെ ബ്ലോക്ക് തല ഉദ്ഘാടനം എടവക ഗ്രാമ പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീത ബാബു ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷ വിജയന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ പ്രഭാകരന്‍ മാസ്റ്റര്‍ മുഖ്യഭാഷണം നടത്തി. മെഡിക്കല്‍ ഓഫിസര്‍ ഡോ: പ്രീത മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ: സുഗേഷ് കുമാര്‍ പദ്ധതി വിശദീകരണം നടത്തി.
ഭാരതത്തിന്റെ തനതായ ചികിത്സ ശാസ്ത്രമായ ആയുര്‍വേദത്തിന്റയും യോഗ, പ്രകൃതി ചികിത്സ, സിദ്ധ, ഹോമിയോപ്പതി, യുനാനി എന്നീ ചികിത്സ സമ്പ്രദായങ്ങളുടെയും പ്രയോജനം സമൂഹത്തിന് ലഭ്യമാക്കുക അവയുടെ ശേഷിയും സാധ്യതകളും പ്രചരിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ഉദ്ദേശം.കുടുംബശ്രീ മിഷന്‍, കൃഷി, മൃഗസംരക്ഷണം, പൊതുമരാമത്ത്, ശുചിത്വമിഷന്‍, സാമൂഹ്യ കുടുംബക്ഷേമം എന്നീ വകുപ്പുകളുടെ സഹകരണവും പങ്കാളിത്തവും ഉറപ്പ് വരുത്തി കൊണ്ടാണ് പദ്ധതി നടപ്പിലാക്കുക.