പിസി ആന്‍ഡ് പിഎന്‍ഡിടി രജിസ്ട്രേഷനില്ലാത്ത സ്‌കാനിംഗ് സെന്ററുകള്‍ക്കെതിരെ നടപടി സ്വീകരിക്കും: ഡിഎംഒ

0

ജില്ലയില്‍ പിസി ആന്‍ഡ് പിഎന്‍ഡിടി രജിസ്ട്രേഷനില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കാനിംഗ് സെന്ററുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ദിനീഷ് പി.അള്‍ട്രാ സൗണ്ട്, എംആര്‍ഐ,ബി സ്‌കാനിംഗ്, സി ടി സ്‌കാനിംഗ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും പിസി ആന്‍ഡ് പിഎന്‍ഡിടി നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്. രജിസ്ട്രേഷന് നിശ്ചിത തുക സര്‍ക്കാരില്‍ അടവാക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് (ആരോഗ്യം) അപേക്ഷ നല്‍കണം. അപേക്ഷകളിന്‍മേല്‍ സ്ഥല പരിശോധന നടത്തിയ ശേഷം ജില്ലാ കലക്ടറുടെ അധ്യക്ഷതയിലുള്ള ജില്ലാ ഉപദേശക സമിതിയുടെ തീരുമാനങ്ങള്‍ക്ക് വിധേയമായി മാത്രമേ സ്‌കാനിംഗ് സെന്ററുകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കുകയുള്ളൂ. അഞ്ചുവര്‍ഷത്തേക്കാണ് അനുമതി. സ്ഥാപനം മറ്റൊരു കെട്ടിടത്തിലേക്കോ സ്ഥലത്തേക്കോ മാറ്റേണ്ടി വന്നാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ വിവരം അറിയിക്കണം. അംഗീകൃത രജിസ്ട്രേഷനുള്ള ഡോക്ടറെ മാത്രമേ സ്‌കാനിംഗിന് നിയോഗിക്കാവൂ. സ്‌കാന്‍ ചെയ്യാനെത്തുന്നവര്‍ക്ക് പിസി ആന്‍ഡ് പിഎന്‍ഡിടി ആക്ട് പ്രകാരമുള്ള സൗകര്യങ്ങള്‍ സ്ഥാപനത്തില്‍ ഉറപ്പാക്കണം. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗത്തെ സൂചിപ്പിക്കുന്ന ചിഹ്നങ്ങള്‍, നിറങ്ങള്‍ ഉള്‍പ്പെടെ യാതൊന്നും പ്രദര്‍ശിപ്പിക്കാന്‍ പാടുള്ളതല്ല. ഓരോ മാസത്തെയും സ്‌കാനിംഗ് വിവരങ്ങള്‍ അതാത് മാസം നിശ്ചിത മാതൃകയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.

Leave A Reply

Your email address will not be published.

error: Content is protected !!