ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലയിലെ ആദ്യ കാലാവസ്ഥ ഉച്ചകോടിക്ക് ഫെബ്രുവരി 23ന് മീനങ്ങാടി ശ്രീകണ്ഠ ഗൗഡര്‍ സ്റ്റേഡിയത്തില്‍ തുടക്കമാകും. മൂന്ന് ദിവസത്തെ ഉച്ചകോടിയില്‍ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് ജില്ലയിലെ കാര്‍ഷിക മേഖലയില്‍ വന്ന മാറ്റങ്ങളും അതിന്റെ അതിജീവനവും ചര്‍ച്ചയാകും.
25ന് മേള സമാപിക്കും.
ഫെബ്രുവരി 25 ന് സമാപിക്കുന്ന മേളയില്‍ രാജ്യത്ത് ആദ്യമായി ഒരു ജില്ലയുടെ കാര്‍ബണ്‍ ന്യൂട്രല്‍ എമിഷന്റെ അളവ് കണ്ടെത്തി തയ്യാറാക്കിയ വയനാട് കാര്‍ബണ്‍ നോട്ട് റിപ്പോര്‍ട്ടിന്റെ പ്രകാശനവും ചര്‍ച്ചയും, കാര്‍ഷിക മേഖല, കാലാവസ്ഥ വ്യതിയാനം എന്നിവ സംബന്ധിച്ച് വിദഗ്ദര്‍ നടത്തുന്ന സെമിനാറുകള്‍, സ്റ്റുഡന്‍സ് കോണ്‍ഫറന്‍സും, കലാകാരന്മാരുടെ തനത് കലാരൂപങ്ങളുടെ പ്രദര്‍ശനം എന്നിവയും മേളയുടെ ഭാഗമായി നടത്തും. ജില്ലക്ക് പുറമെ സംസ്ഥാനത്തിനകത്തും, പുറത്തു നിന്നുമുള്ള കര്‍ഷകരുടെയും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും കര്‍ഷകര്‍ക്ക് ആവശ്യമായ വിത്തുകളും തൈകളുടെ വില്പനയും നടത്തുന്നതിനായി പ്രത്യേക സ്റ്റാളുകളും ഒരുക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കാര്‍ഷിക മേഖലയിലെ കൂട്ടായ്മകള്‍, രാഷ്ട്രീയ പ്രതിനിധികള്‍, കര്‍ഷക സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് മേള ഗ്രീകണ്ഠ ഗൗഡര്‍ സ്റ്റേഡിയത്തില്‍ നടത്തുന്നത്.
സംഘാടകസമിതി യോഗം മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്നു. യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ പഞ്ചായത്ത് സെക്രട്ടറി കണ്‍വീനറുമായി സംഘാടകസമിതിയും എട്ട് സബ് കമ്മിറ്റികളും രൂപീകരിക്കുകയും ചെയ്തു.