ഡോ: പി നാരായണന്‍ നായര്‍ അവാര്‍ഡ് എംപി ശശികുമാറിന്
വയനാട്ടില്‍ നിന്നുള്ള പ്രഥമ എംബിബിഎസ് ഡോക്ടറും, ആരോഗ്യ ശുശ്രൂഷാ രംഗത്തെ ഉദാത്ത മാതൃകയുമായ ഡോ: പി നാരായണന്‍ നായരുടെ പേരില്‍ ഡോ: പി നാരായണന്‍ നായര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന 2023ലെ അവാര്‍ഡിന് എംപി ശശികുമാര്‍ തെരഞ്ഞെടുക്കപ്പെട്ടതായി ഭാരവാഹികള്‍ അറിയിച്ചു.ജില്ലയില്‍ പൊതുജനാരോഗ്യ രംഗത്ത് നിസ്വാര്‍ത്ഥമായി സേവനമനുഷ്ടിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ് അവാര്‍ഡ് ലക്ഷ്യം. ഈ വര്‍ഷം മുതല്‍ 15000 രൂപയായിരിക്കും അവാര്‍ഡ് തുക കൂടെ പ്രശസ്തി പത്രവും നല്‍കും
കഴിഞ്ഞ 30 വര്‍ഷമായി മാനന്തവാടി മേഖലയില്‍ ആതുര സേവന രംഗത്ത് വിശിഷ്യാ രക്തദാന രംഗത്ത് സജീവ സാന്നിദ്ധ്യമായ ശശികുമാര്‍ ഇതിനകം 50 തവണ സ്വന്തം രക്തം തന്നെ ദാനം ചെയ്ത അപൂര്‍വ്വ മാതൃകയാണ്. അപകടത്തില്‍ പരിക്കേറ്റവര്‍ ഉള്‍പ്പെടെ അത്യാസന്ന നിലയിലായ നിരവധി പേരെ മെഡിക്കല്‍ കോളേജിലും മറ്റ് വിദൂര ആശുപത്രികളിലും എത്തിച്ച് ജീവന്‍ രക്ഷിക്കാന്‍ ശശികുമാര്‍ നല്‍കുന്ന സേവനം അഭിനന്ദനീയമാണ്.ജനു: 18 ന് രാവിലെ 11 മണിക്ക് മാനന്തവാടി ഹില്‍ബ്ലുസ് സ്‌ക്കൂളില്‍ നടക്കുന്ന ചടങ്ങില്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസി: ജസ്റ്റിന്‍ ബേബി അവാര്‍ഡ് സമര്‍പ്പിക്കും, വാര്‍ത്ത സമ്മേളനത്തില്‍ ട്രസ്റ്റ് പ്രസി: ഡോ: കെ വിജയകൃഷ്ണന്‍, സെക്ര: എന്‍ യു ജോണ്‍,, കെ ഷാജി എന്നിവര്‍ സംബന്ധിച്ചു