മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഇനി ആയുഷ് ഗ്രാമം
മാനന്തവാടി: നാഷണല്‍ ആയുഷ് മിഷന്‍ കേരള സര്‍ക്കാരിന്റെ ഭാരതീയ ചികിത്സ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ആയുഷ് ഗ്രാമം പദ്ധതിയില്‍ ജില്ലയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിനെ തിരഞ്ഞെടുത്തതിന്റെ ബ്ലോക്ക് തല ഉദ്ഘാടനം ജനുവരി 22ന് രാവിലെ 10 മണിക്ക് എടവക ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടക്കുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭാരതത്തിന്റെ തനതായ ചികിത്സ ശാസ്ത്രമായ ആയുര്‍വ്വേദത്തിന്റെയും യോഗ, പ്രകൃതി ചികിത്സ, സിദ്ധ, ഹോമിയോപ്പതി, യുനാനി എന്നീ ചികിത്സ സമ്പ്രദായങ്ങളുടെയും പ്രയോജനം സമൂഹത്തിന് ലഭ്യമാക്കുക അവയുടെ ശേഷിയും സാധ്യതകളും പ്രചരിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ഉദ്ദേശം. കുടുംബശ്രീ മിഷന്‍, കൃഷി, മൃഗസംരക്ഷണം, പൊതുമരാമത്ത്, ശുചിത്വമിഷന്‍, സാമൂഹ്യ കുടുംബക്ഷേമം എന്നീ വകുപ്പുകളുടെ സഹകരണവും പങ്കാളിത്തവും ഉറപ്പ് വരുത്തി കൊണ്ടാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീത ബാബു നിര്‍വ്വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ആയൂര്‍വ്വേദ, ഹോമിയോ, സിദ്ധ, യൂനാനി, മെഡിക്കല്‍ ക്യാമ്പും ഔഷധ സസ്യ പ്രദര്‍ശനവും ഉണ്ടാകും. വാര്‍ത്താ സമ്മേളനത്തില്‍ ഗീത ബാബു, കെ ജെ പൈലി, ഡോ: എന്‍ സുരേഷ് കുമാര്‍, ഡോ: സിജോ കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.