വാകേരിയില്‍ യുവാവിനെ കൊന്ന കടുവയെ കണ്ടെത്തുന്നതിനായി തെരച്ചില്‍ ഊര്‍ജിതമാക്കി വനം വകുപ്പ്. മൂന്ന് സംഘങ്ങളായാണ് പ്രദേശത്ത് വനം വകുപ്പ് തെരച്ചില്‍ നടത്തുന്നത്. കടുവ പ്രജീഷിനെ ആക്രമിച്ച് കൊന്ന സ്ഥലം കേന്ദ്രീകരിച്ചാണ് പരിശോധന.കടുവ അധിക ദൂരം പോയില്ലെന്നാണ് നിഗമനം. എന്തിനും സജ്ജമായിട്ടാണ് വനംവകുപ്പ് സ്ഥലത്തെത്തിയിരിക്കുന്നത്. കടുവയെ മയക്കുവെടിവെക്കുന്നതിനുള്ള ടീമും സജ്ജമാണ്. വെറ്ററിനറി ടീമും സുല്‍ത്താന്‍ ബത്തേരിയില്‍ ഒരുങ്ങിനില്‍ക്കുകയാണ്.
ഇതിനിടെ, കടുവയുടെ ആക്രമണത്തില്‍ മരിച്ച കൂടല്ലൂര്‍ സ്വദേശി പ്രജീഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂരോഗമിക്കുന്നു. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം്. കടുവയെ കൊല്ലാന്‍ ഉത്തരവിറക്കിയില്ലെങ്കില്‍ മൃതദേഹം ഏറ്റെടുക്കില്ലെന്ന് എംഎല്‍എ ഐസി ബാലകൃഷ്ണന്‍ അടക്കം നാട്ടുകാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനുശേഷമാകും സംസ്‌കാരം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം ഉണ്ടാവുക. ഇന്നലെ രാവിലെ 11 മണിയോടെയാണ് പാടത്ത് പുല്ലരിയാന്‍ പ്രജീഷ് പോയത്. എന്നാല്‍, വൈകിട്ട് പാലളക്കുന്ന സമയമായിട്ടും പ്രജീഷ് തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കടുവയെ പിടികൂടണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു.