മുട്ടില്‍ മരംമുറി കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. സുല്‍ത്താന്‍ ബത്തേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി വിവി ബെന്നി കുറ്റപത്രം നല്‍കുക. മുട്ടില്‍ സൗത്ത് വില്ലേജിലെ പട്ടയഭൂമിയില്‍നിന്ന് 104 സംരക്ഷിത മരങ്ങള്‍ മുറിച്ച് കടത്തിയെന്നാണ് കേസ്. അഗസ്റ്റിന്‍ സഹോദരന്മാരും അന്നത്തെ മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസറും സ്‌പെഷ്യല്‍ ഓഫീസറുമടക്കം 12 പ്രതികളാണുള്ളത്.
അന്വേഷണം തുടങ്ങി രണ്ട് വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം നല്‍കുന്നത്. 85 മുതല്‍ 574 വര്‍ഷം വരെ പഴക്കമുള്ള മരങ്ങളാണ് അഗസ്റ്റിന്‍ സഹോദരങ്ങള്‍ മുറിച്ചുകടത്തിയതെന്ന് മരങ്ങളുടെ ഡിഎന്‍എ പരിശോധനാ ഫലത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അനുമതിയുണ്ടെന്ന് കാട്ടി കര്‍ഷകരെ വഞ്ചിച്ചു, വ്യാജരേഖയുണ്ടാക്കി തുടങ്ങിയ കുറ്റങ്ങളും പ്രതികള്‍ക്കെതിരെയുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതികള്‍ക്കെതിരെ ഇഡി അന്വേഷണവും നടക്കുന്നുണ്ട്. കെഎല്‍സി നടപടി പ്രകാരം 35 കേസുകളില്‍ കര്‍ഷകര്‍ക്ക് ഉള്‍പ്പെടെ റവന്യൂവകുപ്പ് മുറിച്ചു കടത്തിയ മരത്തിന്റെ മൂന്നിരട്ടി പിഴ ചുമത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതികള്‍ക്കെതിരെ ഇഡി അന്വേഷണവും നടക്കുന്നുണ്ട്.