മാതൃഭാഷ ജീവശ്വാസത്തേക്കാള്‍ പ്രധാനം:വീരാന്‍കുട്ടി

0

മാതൃഭാഷ ജീവശ്വാസത്തേക്കാള്‍ പ്രധാനമാണെന്ന് കവി വീരാന്‍കുട്ടി പറഞ്ഞു. ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവരുടെ നേത്വത്തില്‍ കളക്ട്രേറ്റില്‍ നടന്ന മലയാള ഭാഷ ഭരണഭാഷ വാരം സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാഷ മരിക്കുമ്പോള്‍ മരിച്ചവര്‍ ഒന്നൂകൂടി മരിക്കുന്നു. സംസ്‌കാരത്തിന്റെയും സ്മൃതികളുടെയും നാശമാണ് മാതൃഭാഷയുടെ പതനത്തോടെ സംഭവിക്കുന്നത്. കരച്ചിലിനും വിശപ്പിനും നൊമ്പരങ്ങള്‍ക്കും മാതൃഭാഷയുടെ തുടിപ്പുകളുണ്ട്. മറുനാട്ടിലേക്ക് കുടിയേറുമ്പോഴും വീട്ടിലുളള അമ്മയോളം സ്നേഹം മാതൃഭാഷയോടുമുണ്ട്. അങ്ങിനെയുള്ള മാതൃഭാഷയില്‍ നിന്നുള്ള നാടുകടത്തലുകളാണ് ഈ കാലഘട്ടത്തിന്റെയും നൊമ്പരം. വൈകാരികതയുടെ അഭാവത്തിലാണ് ഇന്ന് മലയാളികളുടെയും ജീവിതം. മാതൃഭാഷയുടെ ക്ഷമത കുറയുന്നതിനും കാരണമിതാണ്. കാലുഷ്യവും ഹിംസയും സ്പര്‍ധയുമെല്ലാം അരക്ഷിതകാലത്തിന്റെ സൂചനകളാകുമ്പോള്‍ മാതൃഭാഷ കാലത്തിന്റെ കാവലാകണമെന്നും പുതിയ മാതൃഭാഷാ പദങ്ങളും ഭാഷയുടെ സംവേദനത്തിനായി സൃഷ്ടിക്കപ്പെടണമെന്നും കവി വീരാന്‍കുട്ടി പറഞ്ഞു.

ചെറുകവിതകളില്‍ നിറഞ്ഞ് മലയാളം

ഭൂമിക്കടിയില്‍ വേരുകള്‍ കൊണ്ട് കെട്ടിപ്പിടിക്കുന്നു ഇലകള്‍ തമ്മില്‍ തൊടുമെന്ന് പേടിച്ച് നാം അകറ്റി നട്ടമരങ്ങള്‍.. വീരാന്‍കുട്ടിയുടെ പ്രശസ്തമായ കുഞ്ഞുകുഞ്ഞുവരികളില്‍ നിറഞ്ഞതായിരുന്നു മലയാളഭാഷാവാരം സമാപനം. മാറുന്ന കാലഘട്ടത്തിന്റെ ചുട്ടുപൊള്ളുന്ന മരുഭൂമിയിലേക്ക് അടര്‍ന്ന് വീഴുന്ന മഴത്തുള്ളികള്‍ പോലെ ഹൃദ്യമായിരുന്നു ആ വരികളെല്ലാം. നാലുവരികളില്‍ ഒരു ലോകത്തെയും നൈര്‍മല്യങ്ങളെയും വരച്ചിടുന്ന കുഞ്ഞുകവിതകള്‍ കൊണ്ട് ശ്രദ്ധേയമായ തന്റെ കവിതകള്‍ ഓരോന്നായി ചൊല്ലിയപ്പോള്‍ നിറഞ്ഞ കരഘോഷത്തോടെയാണ് സദസ്സും ഏറ്റുവാങ്ങിയത്. ആക്രിക്കടയില്‍ ഉപേക്ഷിക്കപ്പെട്ട അക്ഷരങ്ങള്‍ എന്ന കവിത അനുദിനം ആകാരവും ആശയുമുടയുന്ന മാതൃഭാഷയോടുള്ള അനുകമ്പയായി മാറി. എന്നിട്ടും ദൈവം ലോകത്തെ അവസാനിപ്പിക്കാത്തതെന്ത് എന്ന ചോദ്യവുമായുള്ള കവിതയില്‍ തീരാത്ത പ്രണയത്തില്‍ ഉടനെയൊന്നും അവസാനിക്കുമെന്ന് തോന്നുന്നില്ല ലോകമെന്ന മറുപടിയും കവി തന്നെ പറയുന്നു. ഉരുള ചോറിനായി മാടിവിളിക്കുന്ന ബലികാക്ക ഏറുകൊണ്ടതിന്റെ ആഴങ്ങളെക്കുറിച്ച് പറഞ്ഞപ്പോഴും പുതുമലയാള കവിതയുടെ അനിതരമായ സൗന്ദര്യത്തെ ആവോളം നുകരുകയായിരുന്നു മലയാളഭാഷ ഭരണഭാഷ സദസ്സും. വേരുകളും ശാഖകളും നീട്ടി വീരാന്‍കുട്ടിയുടെ കവിതകള്‍ സഞ്ചരിച്ചപ്പോള്‍ മലയാളമെന്ന മാതൃഭാഷയും കുളിരുള്ളതായി മാറുകയായിരുന്നു.

ഭരണഭാഷ മലയാള ഭാഷാവാരം സമാപിച്ചു

ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഭരണഭാഷ മലയാള ഭാഷാവാരാചരണം സമാപിച്ചു. കളക്ട്രേറ്റ് എ.പി.ജെ ഹാളില്‍ നടന്ന ജില്ലാതല സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.എം എന്‍.ഐ.ഷാജു അദ്ധ്യക്ഷത വഹിച്ചു. കവി വീരാന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. ഭരണഭാഷ പുരസ്‌കാര ജേതാക്കള്‍ക്കും മലയാള ഭാഷാവാരാചരണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ പ്രശ്നോത്തിരിയിലെ വിജയികള്‍ക്കും ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് ബാബു, കളക്ട്രേറ്റ് ലോ ഓഫീസര്‍ സി.കെ.ഫൈസല്‍, എന്‍.ആര്‍.ഇ.ജി.എ പ്രോഗ്രാം ഓഫീസര്‍ പി.സി.മജീദ്, പി.എ.യു പ്രൊജക്ട് ഡയറക്ടര്‍ സി.കെ.അജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. മലയാള ഭാഷാവാരത്തോടനുബന്ധിച്ച് വിവിധ പരിപാടികളാണ് നടന്നത്. ഭരണഭാഷ മലയാളഭാഷ പ്രോത്സാഹിപ്പിക്കുന്നതിന് വകുപ്പുകളിലും ജീവനക്കാരിലും അവബോധം വളര്‍ത്തുന്നതിനായി വിവിധ മത്സരങ്ങളും നടന്നിരുന്നു.

മലയാള ഭാഷവാരാചരണം മത്സരവിജയികള്‍

ജില്ലാ വനിതാ ശിശുവികസന ഓഫീസിലെ കെ.ബബിത ജില്ലാതല ഭരണഭാഷപുരസ്‌കാരം ഒന്നാം സ്ഥാനം നേടി. കളക്ട്രേറ്റ് സീനിയര്‍ ക്ലാര്‍ക്ക് ബിജുജോസഫ് രണ്ടാം സ്ഥാനവും മാനന്തവാടി താലൂക്ക് ഓഫീസിലെ ബി.ആര്‍.പ്രജീഷ് മൂന്നാം സ്ഥാനവും നേടി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ പ്രശ്നോത്തിരിയില്‍ തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഓഫീസിലെ ശ്രീജിത്ത് കരിങ്ങാളി, വി.ടി.വിനോദ് ടീം ഒന്നാം സ്ഥാനം നേടി. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെ കെ.കെ.ശ്രീജിത്ത് രണ്ടാം സ്ഥാനവും ജില്ലാ പട്ടികജാതി ഓഫീസിലെ ജി.ശ്രീകുമാര്‍, വി.ജി.ചിഞ്ചു ടീം മൂന്നാം സ്ഥാനവും നേടി.

Leave A Reply

Your email address will not be published.

error: Content is protected !!
15:37