ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ വയനാട് ജില്ലാ സമ്മേളനം നാളെ വെങ്ങപ്പള്ളി മോറികാപ് റിസോര്‍ട്ട് ഹാളില്‍ ചേരുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം അഞ്ചു വരെ നീളുന്ന സമ്മേളനം രാവിലെ ഒമ്പതിന് ടി. സിദ്ദീഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജസ്റ്റിന്‍ പാലത്തറ മുഖ്യപ്രഭാഷണം നടത്തും.കള്ളക്കടത്തായി കേരളത്തില്‍ എത്തുന്ന സ്വര്‍ണം എവിടേക്കു പോകുന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് സമ്മേളനം ആവശ്യപ്പെടുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
നിയമവിരുദ്ധമായി കൊണ്ടുവരുന്ന സ്വര്‍ണം ആഭരണങ്ങളാക്കി വീടുകളില്‍ എത്തിച്ച് നികുതിവിധേയമല്ലാതെ വില്‍ക്കുന്ന സംഘങ്ങള്‍ നിരവധിയാണ്. ഇക്കൂട്ടര്‍ നിലവാരമില്ലാത്ത പരസ്യങ്ങളിലൂടെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുമുണ്ട്. അനധികൃത വ്യാപാരം സര്‍ക്കാരിന് വന്‍തോതിലുള്ള വരുമാന നഷ്ടമാണ് ഉണ്ടാക്കുന്നത്. ബാങ്ക് നിരക്കില്‍ വാങ്ങുന്ന സ്വര്‍ണം ആഭരണങ്ങളാക്കി പണിക്കൂലിയില്ലാതെ വില്‍ക്കുന്നതില്‍തന്നെ പന്തികേടുണ്ട്.
സ്വര്‍ണാഭരണ വ്യാപാര മേഖലയില്‍ വന്‍കിടക്കാരുടെ കടന്നുകയറ്റം ചെറുകിട, ഇടത്തരം ജ്വല്ലറികളുടെ നിലനില്‍പ്പ് അപകടത്തിലാക്കുകയാണ്. ജില്ലയില്‍ മാത്രം 50 ഓളം ചെറുകിട ജ്വല്ലറികള്‍ ഇതിനകം പൂട്ടി. ആവശ്യമായ ലൈസന്‍സുകള്‍ എടുത്തും നികുതികള്‍ കൃത്യമായി അടച്ചും സ്വര്‍ണം, വെള്ളി ആഭരണ വ്യാപാരം ചെയ്യുന്നവരെ ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് ഭരണകൂടം സ്വീകരിക്കുന്നത്. ചെറുകിട, ഇടത്തരം വ്യാപാരികള്‍ക്കു പ്രോത്സാഹനം നല്‍കുന്നതിനു പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കണം. സ്വര്‍ണം, വെള്ളി ആഭരണ വ്യാപാര മേഖല നേരിടുന്ന പ്രശ്നങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. ബിഎസ്ഐ, ജിഎസ്ടി, ഇന്‍ഷ്വറന്‍സ് എന്നീ വിഷയങ്ങളില്‍ ക്ലാസ് സമ്മേളനത്തിന്റെ ഭാഗമായി നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് മാത്യു മത്തായി ആതിര, വൈസ് പ്രസിഡന്റ് കെ.പി. ദാമോദരന്‍, ജനറല്‍ സെക്രട്ടറി പി.കെ. ലത്തീഫ്, ട്രഷറര്‍ വി.വി. ജോസഫ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ടി. ഹാരിസ് മലബാര്‍, കണ്‍വീനര്‍ സിദ്ദീഖ് സിന്ദൂര്‍, ബാബു അനുപമ, അലി മലനാട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.