നഗരസഭാ ഉപാധ്യക്ഷനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ്

0

മാനന്തവാടി നഗരസഭാ ഉപാധ്യക്ഷനെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കി എല്‍ഡിഎഫ്. വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യനെതിരെ എല്‍ഡിഎഫിലെ 16 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസ് തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് നല്‍കി. നഗരസഭയില്‍ വൈസ് ചെയര്‍മാന്റെ പ്രവര്‍ത്തനങ്ങള്‍ സ്വജനപക്ഷപാതിത്വത്തോടെയുള്ളതും അഴിമതികള്‍ നിറഞ്ഞതാണെന്നും നോട്ടീസില്‍ പറഞ്ഞിട്ടുണ്ട്.

നഗരസഭക്ക് കീഴില്‍ പയ്യമ്പള്ളിയിലുള്ള ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററില്‍ നഗരസഭാ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി മകന് ഡോക്ടറായി നിയമനം നല്‍കി. ഇത് സത്യപ്രതിജ്ഞാ ലംഘനമാണ്.2022-23 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ വിദ്യാര്‍ഥിനികള്‍ക്ക് വിതരണം ചെയ്യാന്‍ ലാപ്ടോപ്പുകള്‍ വാങ്ങിയത് വിപണി വിലയേക്കാള്‍ ഇരട്ടിവിലയ്ക്കാണ്.നടപടി ക്രമം പാലിക്കാതെ ലാപ്ടോപ്പ് വാങ്ങി ലക്ഷങ്ങളുടെ അഴിമതിയാണ് നടത്തിയത്. പട്ടികവര്‍ഗ വനിതകള്‍ക്കുള്ള തയ്യല്‍ മെഷീന്‍ വാങ്ങിയതിലും വയോജനങ്ങള്‍ക്ക് നല്‍കാന്‍ കട്ടില്‍ വാങ്ങിയതും വിപണി വിലയേക്കാള്‍ അധിക വിലയ്ക്കാണ്. അഴിമതിയിലൂടെ നഗരസഭക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാക്കിയതെന്നും നോട്ടീസില്‍ പറഞ്ഞിട്ടുണ്ട്.
എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ടി ലീഡര്‍ അബ്ദുള്‍ ആസിഫാണ് നോട്ടീസ് നല്‍കിയത്. ക്ഷേമകാര്യ സ്റ്റാഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍ പിന്തുണച്ചു. മറ്റു 14 അംഗങ്ങള്‍ ഒപ്പിട്ടു. 36 അംഗങ്ങളാണ് ആകെ കൗണ്‍സിലിലുള്ളത്. യുഡിഎഫ് വിമതയായി വിജയിച്ച അംഗമുള്‍പ്പെടെ 20 പേരാണ് ഭരണപക്ഷത്തുള്ളത്.

 

Leave A Reply

Your email address will not be published.

error: Content is protected !!