ആലഞ്ചേരിയിൽ ആവേശമുയർത്തി നാട്ടി ഉത്സവം
മൊതക്കര: കേരള ഫാർമേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വെള്ളമുണ്ട പഞ്ചായത്തിലെ മൊതക്കര ആലഞ്ചേരിയിൽ നടത്തിയ വിള നാട്ടി വേറിട്ട അനുഭവമായി.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
കെ എഫ്എ ചെയർമാൻ സുനിൽ മoത്തിൽ അധ്യക്ഷത വഹിച്ചു.സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 1000 ത്തോളം അംഗങ്ങളുള്ള കെ എഫ് എ പാട്ടത്തിനെടുത്ത 5 ഏക്കർ വയലിലാണ് നെൽകൃഷി നടത്തിയത്. ദേശീയ കർഷക അവാർഡ് ജേതാവ് ഷാജി കേദാരം, കുര്യൻ മൊതക്കര എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. കർഷകർക്കൊപ്പം മാനന്തവാടി ജിവിഎച്ച്എസ്എസിലെ വിദ്യാർത്ഥികളും പാടത്തിറങ്ങി. എൻ എസ് എസ് വൊളണ്ടിയർമാരായ 60 വിദ്യാർത്ഥികൾ വായ്ത്താരികളുമായി നാട്ടി സജീവമാക്കി. ഇവരിൽ മിക്കവാറും പേർ ജീവിതത്തിൽ ആദ്യമായാണ് പാടത്തിറങ്ങിയത്. ഉദ്ഘാടകനായെത്തിയ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി ഞാറ് പറിക്കാനും ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതാനും സമയം കണ്ടെത്തിയത് വേറിട്ട അനുഭവമായി. നാട്ടിയിൽ പങ്കെടുത്തവർക്കെല്ലാം കപ്പ പുഴുങ്ങിയതും കഞ്ഞിയും ഒരുക്കിയിരുന്നു. പ്രഭാത ഭക്ഷണത്തിൻ്റെ ഇടവേളയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സീനിയർ അഡ്മിൻ പൗലോസ് മോളത്ത് സ്വാഗതവും പി ആർഒ കെ.എം ഷിനോജ് നന്ദിയും പറഞ്ഞു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി. കല്യാണി, വെളളമുണ്ട പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സി.എം. അനിൽകുമാർ, വെളളമുണ്ട കൃഷി അസി. ഓഫിസർ റിങ്കു റോബിൻ, കെഎഫ്എ സെക്രട്ടറി മാത്യു പനവല്ലി, വൈസ് ചെയർമാൻ വർഗീസ് കല്ലൻമാരി, ഭാരവാഹികളായ രാജൻ പന വല്ലി, മിനി അമ്പലവയൽ, ബേബി കുഴുപ്പിൽ എന്നിവർ പ്രസംഗിച്ചു. പാടത്തിൻ്റെ ഉടമ ശശി ആലഞ്ചേരിയെ എൻ എസ് എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ മുബീന നിസാർ, വൊളണ്ടിയേഴ്സ് ലീഡർ അഭിനന്ദ് സഹദേവൻ എന്നിവർ ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. നാടൻ പാട്ടും കളികളും നിറഞ്ഞ ഗ്രാമീണ കാർഷികോത്സവത്തിൽ നിരവധി കർഷകരും പങ്കാളികളായി.