കുരുമുളക് രോഗബാധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
മാനന്തവാടി: ജില്ലയില്‍ കുരുമുളകിന് രോഗബാധ വ്യാപകമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രോഗകാരണങ്ങളെ കുറിച്ചും രോഗപ്രതിരോധ മാര്‍ഗ്ഗങ്ങളെ കുറിച്ചും കര്‍ഷകര്‍ക്ക് നേരിട്ട് മനസ്സിലാക്കുന്നതിനായി കുരുമുളക് തോട്ടത്തില്‍ പ്രത്യേക ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ആത്മ വയനാടിന്റെ നേതൃത്വത്തില്‍ പള്ളിയറ പാടശേഖര സമിതിയുമായി സഹകരിച്ച് എടവക കൃഷി ഭവന് കീഴിലെ കര്‍ഷകര്‍ക്കായി പളളിയറയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചത്. തോട്ടങ്ങളിലെത്തി രോഗകാരണങ്ങള്‍ കര്‍ഷകരെ നേരിട്ട് ബോധ്യപ്പെടുത്തി പ്രതിരോധ മാര്‍ഗ്ഗങ്ങളും ഇനി രോഗം വരാതിരിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗങ്ങളെ കുറിച്ചും ബോധ്യപ്പെടുത്തുക എന്നതാണ് പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. കൂടാതെ പ്രളയനാന്തരം കൃഷിഭൂമിയിലെ മണ്ണുകളില്‍ സംഭവിച്ചിട്ടുള്ള മാറ്റങ്ങളെ കുറിച്ചും ഇതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും കര്‍ഷകരെ ബോധ്യപ്പെടുത്തി കര്‍ഷകരുടെ സംശയ ദുരീകരണത്തിനുള്ള ക്ലാസ്സുകളും ഉണ്ടായിരുന്നു. ആത്മ ജീവനക്കാരായ എ.എം ഹരിത, എന്‍വി ശിവദാസന്‍, മാനന്തവാടി മണ്ണ് പരിശോധന ലാബിലെ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ എ.ടി വിനോയ്, പാരമ്പര്യ കര്‍ഷകനായ പി.ജി മാനുവല്‍ എന്നിവര്‍ നേതൃത്വം നല്‍കി. 40 ഓളം കര്‍ഷകര്‍ പരിപാടിയില്‍ സംബന്ധിച്ചു.