മികച്ച പി.ടി.എ. പുരസ്‌കാരനേട്ടവുമായി മാനന്തവാടി  ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍                                      

0

ജില്ലയിലെ പൊതു വിദ്യാലയങ്ങളില്‍ സെക്കന്‍ഡറി വിഭാഗത്തിലെ മികച്ച പി.ടി.എക്കുള്ള പുരസ്‌കാരം മാനന്തവാടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്.60000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പി.ടി.എ പ്രസിഡന്റായി പി.പി.ബിനുവും, വൈസ് പ്രസിഡന്റായി അനിത എന്‍.ആറും, എസ്.എം സി. ചെയര്‍മാനായി സി.പി.മുഹമ്മദാലിയും, മദര്‍ പി.ടി.എ പ്രസിഡന്റായി സ്മിത തോമസും നേതൃത്വം നല്‍കുന്ന കമ്മിറ്റിയാണ് അവാര്‍ഡിന് അര്‍ഹമായത്.കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷങ്ങളിലെ പ്രവര്‍ത്തന മികവ് പരിഗണിച്ചാണ് പുരസ്‌കാരം.

സ്‌കൂളിലും പരിസരത്തും വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സെക്യൂരിറ്റി സ്റ്റാഫിന്റെ നിയമനം, സ്‌കൂള്‍ പരിസരം സമ്പൂര്‍ണ സി.സി.ടി.വി. നിരീക്ഷണം എന്നിവ നടപ്പിലാക്കി. സുരക്ഷിതത്വത്തോടൊപ്പം ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പി.ടി.എ.യുടെ മേല്‍നോട്ടത്തില്‍സ്‌കൂള്‍ ക്യാന്റീന്‍ പ്രവര്‍ത്തനം ആരംഭിച്ചു. മെച്ചപ്പെട്ട കായിക ക്ഷമത ലഭ്യമാക്കുന്നതിനും കായിക മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനുമായി റെസ് ലിംഗ്, ആര്‍ച്ചറി, ഫുട്‌ബോള്‍, വോളിബോള്‍, ക്രിക്കറ്റ്, അത് ലറ്റിക്‌സ് ഇനങ്ങളില്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ഉള്‍പ്പെടെപ്രത്യേക പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ പി.ടി.എ.കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട്.വിദ്യാലയത്തിലും പൊതുസമൂഹത്തിലും വിവിധങ്ങളായമാര്‍ഗ്ഗത്തിലൂടെ ലഹരിവിരുദ്ധ സന്ദേശ പ്രചാരണങ്ങള്‍ക്ക് പി.ടി.എ.ശക്തമായ നേതൃത്വം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്‌നം പരിഹരിക്കുന്നതിന് യാത്രാ വാഹന സംവിധാനങ്ങളൊരുക്കിക്കൊണ്ട് കൊഴിഞ്ഞുപോക്ക് പൂര്‍ണമായും തടയുന്നതിന് സാധിച്ചിട്ടുണ്ട് .
മറ്റു പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിശാലമായ ഇന്‍ഡോര്‍ ഗെയിംസ് ഓഡിറ്റോറിയം നിര്‍മാണം, ഗ്രൗണ്ട് നവീകരണം, ലാബ് – ലൈബ്രറി നവീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും പി.ടി.എ.യുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ്.
കഴിഞ്ഞ രണ്ട് വര്‍ഷ കാലയളവില്‍ കലാമേളകളിലും, ശാസ്ത്രമേളകളിലും, കായികമേളകളിലും ഉപ ജില്ലാ, ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളില്‍ മികച്ച വിജയങ്ങള്‍ കരസ്ഥമാക്കുന്നതിന് പി.ടി.എ യുടെ ഇടപെടല്‍ നിര്‍ണായക ഘടകമായി മാറി. ആറാംതരം മുതല്‍ 10-ാം തരം വരെയും, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലുമായി രണ്ടായിരത്തില്‍പ്പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മാനന്തവാടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വയനാട് ജില്ലയിലെ പൊതു വിദ്യാലയങ്ങളില്‍ മുന്‍ നിരയിലുള്ള വിദ്യാലയമാണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!