അനില്‍കുമാറിന്റെ ആത്മഹത്യ, അനിശ്ചിതകാല സമരത്തിനൊരുങ്ങി കുടുംബം
മാനന്തവാടി: തവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവക്കാരന്‍ അനില്‍കുമാര്‍ അത്മഹത്യ, 38 ദിവസം കഴിഞ്ഞിട്ടും മരണത്തിന് ഉത്തരവാദികളായവര്‍ക്ക് എതിരെ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും പ്രതികളെ സഹായിക്കുന്ന നിലപാട് പോലീസ് സ്വീകരിക്കുന്നതായും അനില്‍കുമാറിന്റെ കുടുംബം മാനന്തവാടിയില്‍ വാര്‍ത്താ സമ്മേളനത്തിന്‍ പറഞ്ഞു. മരണത്തിന്റെ കാരണങ്ങള്‍ അനില്‍കുമാറിന്റെ ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിട്ടും ഇതിനെ കുറിച്ചുപോലും പോലീസ് അന്വേഷണം നടത്തുന്നില്ലെന്നും കേസിലെ പ്രതികളായവര്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിന് ലഭിക്കുന്നതിന് പോലീസ് സഹായം ചെയ്തു കൊടുക്കുകയാണെന്നും അവര്‍ പറഞ്ഞു.
കേസിലെ ഒന്നാം പ്രതി ബാങ്ക് പ്രസിഡണ്ടായിരുന്ന പി.വാസു ആക്ഷന്‍ കമ്മിറ്റിയുടെ കണ്‍വീനറുടെ സഹോദരിയും തവിഞ്ഞാല്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സനുമായ സബിതയെ പഞ്ചായത്ത് ഓഫീസില്‍ കയറി ഭിഷണിപ്പെടുത്തിയിട്ടും പോലീസ് കേസ് എടുത്തില്ലെന്നും അനില്‍കുമാര്‍ ബാങ്കിനുള്ളില്‍ വെച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നുംഅനില്‍കുമാറിന്റെ ഫോണ്‍ രേഖകള്‍ പോലും ഇതുവരെ പരിശോധിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. അനില്‍കുമാറിന്റെ ബാധ്യത ബാങ്ക് ഏറ്റെടുക്കണമെന്നും നീതിലഭിക്കണമെന്നും അനില്‍കുമാറിന്റെ ഭാര്യ ബിന്ദുമോള്‍ ആവശ്യപ്പെട്ടു. നീതി ലഭിക്കുന്നില്ലായെങ്കില്‍ തലപ്പുഴ പോലീസ് സ്റ്റേഷനു മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കും വരെ സമരം തുടരുമെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.ജി.ബിജൂ, കണ്‍വീനര്‍ അമൃതരാജ്, പി.നാണു, എം. അബ്ദുറഹ്മാന്‍, പി.കെ.സിദ്ധിഖ്, പി.എസ് മുരുകേശന്‍, ഷാജു ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.