കര്‍ഷകന്റെ ആത്മഹത്യ: ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി

0

കടബാധ്യത മൂലം ആത്മഹത്യ ചെയ്ത കേളക്കവല ചെമ്പകമൂല കിഴക്കേ ഇടയാത്ത് രാജേന്ദ്രന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോയി. വായ്പാ തട്ടിപ്പില്‍ ഇരയായതില്‍ മനംനൊന്താണ് രാജേന്ദ്രന്‍ ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് ഇന്‍ക്വസ്റ്റ് നടപടികള്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു.ബത്തേരി ഡിവൈഎസ്പി അബ്ദുള്‍ ഷെരീഫ്, കല്‍പ്പറ്റ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എ.എം.ഒ.സിബി, ബത്തേരി തഹസില്‍ദാര്‍ ഷാജി എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മൂന്ന് മണിയോടെയാണ് പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

 

രാജേന്ദ്രന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും വായ്പ പൂര്‍ണമായി എഴുതിത്തള്ളണമെന്നും കുടുംബത്തിന് സഹായം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. സഹകരണ ബാങ്കില്‍ നിന്ന് 70 സെന്റ് സ്ഥലം ഈട് വെച്ച് 2016-17 വര്‍ഷത്തില്‍ 75000 രൂപ വായ്പയെടുത്തിരുന്നു. ഈ വസ്തുവിന്റെ പേരില്‍ ഒരു വിഭാഗമാളുകള്‍ ചേര്‍ന്ന് 25 ലക്ഷം രൂപയോളം വായ്പയെടുത്തെന്നാണ് രാജേന്ദ്രന്റെ പരാതി. വായ്പയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ രാജേന്ദ്രന്‍ പലിശയടക്കം 35 ലക്ഷം രൂപ വായ്പയടക്കാനുണ്ടെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ഇതില്‍ മനംനൊന്താണ് രാജേന്ദ്രന്‍ മരിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു. പ്രശ്നത്തിന് പരഹാരമുണ്ടായില്ലെങ്കില്‍ വായ്പ തട്ടിപ്പ് നടത്തിയവരുടെ വീടിന് മുമ്പില്‍ മൃതദേഹവുമായി സമരം നടത്തുമെന്ന് സമരസമിതി നേതാക്കള്‍ പറ്ഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് വന്‍ പോലീസ് സംഘം സ്ഥലത്തെത്തി.

Leave A Reply

Your email address will not be published.

error: Content is protected !!