മഞ്ഞപ്പാറ എസ്റ്റേറ്റ് കൈവശകര്‍ഷക സംരക്ഷണസമിതി വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി

0

കൈവശഭൂമിയിലെ നിര്‍മാണ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക, കെ.എല്‍.ആര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് മഞ്ഞപ്പാറ എസ്റ്റേറ്റ് കൈവശ കര്‍ഷക സംരക്ഷണസമിതി നേതൃത്വത്തില്‍ അമ്പലവയല്‍ വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. കളത്തുവയല്‍, റാട്ടക്കുണ്ട്, മഞ്ഞപ്പാറ, ആറാട്ടുപാറ തുടങ്ങി പ്രശ്ബാധിത പ്രദേശങ്ങളിലെ അഞ്ഞൂറോളം പേര്‍ സമരത്തില്‍ പങ്കെടുത്തു. ധര്‍ണ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

പതിറ്റാണ്ടുകളായി മഞ്ഞപ്പാറ എസ്റ്റേറ്റ് ഭൂമി കൈവശംവെച്ച് കൃഷിചെയ്തുവരുന്ന കര്‍ഷവകര്‍ക്ക് കെട്ടിടവും വീടും നിര്‍മിക്കുന്നതിന് അനുമതി ലഭ്യമാക്കണമെന്നതുള്‍പ്പടെയുളള അടിസ്ഥാന ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. സൂചനാ സമരത്തില്‍ കൈവശകര്‍ഷക സംരക്ഷണസമിതിയുടെ നേതൃത്തില്‍ സ്ത്രീകളുള്‍പ്പടെ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു. റവന്യൂരേഖകളില്‍ തോട്ടംഭൂമിയെന്നത് പുരയിടം ഇന്നാക്കി കിട്ടുന്നതിനുവേണ്ടി സര്‍വകക്ഷികളുടെ നേതൃത്വത്തില്‍ കര്‍മസമിതി രൂപീകരിച്ചപ്പോള്‍ മഞ്ഞപ്പാറ എസ്റ്റേറ്റ് കൈവശ കര്‍ഷകസമിതിയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. പല സമരങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മഞ്ഞപ്പാറ, കളത്തുവയല്‍, കുമ്പളേരി, റാട്ടക്കുണ്ട്, തുടങ്ങി വിവിധ പ്രദേശങ്ങളിലെ അഞ്ഞൂറോളം കുടുംബങ്ങളാണ് സര്‍ക്കാര്‍ നടപടിമൂലം ഭൂമി ക്രയവിക്രയും ചെയ്യാനോ, കെട്ടിടം നിര്‍മിക്കാനോ കഴിയാതെ ദുരിതമനുഭവിക്കുന്നത്. സമരസമിതിയുടെ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്നുതന്നെ വകുപ്പുമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും കത്തയക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധകളും ജനപ്രതിനിധികളും നേതൃത്വം നല്‍കിയ ധര്‍ണാസമരം സൂചനമാത്രമാണെന്നും പരിഹാരമുണ്ടായില്ലെങ്കില്‍ ശക്തമായ സമരത്തിന് തുടക്കംകുറിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ചെയര്‍മാന്‍ പി.സി. അബ്രഹാം, കണ്‍വീനര്‍ പി.യു. സെബാസ്റ്റ്യന്‍, കെ.കെ. വിജയകുമാര്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!