54 പവനോളം കവര്‍ന്ന മോഷ്ടാവിനെ കണ്ടെത്താനാവാതെ പോലീസ്
പടിഞ്ഞാറത്തറ: പത്ത് ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയി മാസങ്ങള്‍ പിന്നിട്ടിട്ടും മോഷ്ടാവിനെ കണ്ടെത്താനാകാതെ പോലീസ്. പീച്ചംകോട് കെല്ലൂര്‍ പ്രദേശത്തെ രണ്ട് വീടുകളില്‍ നടത്തിയ മോഷണക്കേസുകളിലാണ് പ്രതികളെ കണ്ടെത്താന്‍ പോലീസിന് കഴിയാത്തത്. രണ്ട് വീടുകളില്‍ നിന്നുമായി 54 പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. പീച്ചംകോട് താലൂക്ക് ഓഫീസ് ജീവനക്കാരനായ തയ്യത്ത് രാജേഷിന്റെ വീട്ടില്‍ നിന്നും 23 പവനും, കെല്ലൂര്‍ കാട്ടില്‍ ഉസ്മാന്റെ വീട്ടില്‍ നിന്നും 31 പവനുമാണ് മോഷണം പോയത്. പീച്ചംകോട് സ്വദേശിയായ ഓട്ടോ ഡ്രൈവറെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കെല്ലൂരിലെ മോഷണത്തിന് ശേഷം ഇയാള്‍ ഒളിവിലാണ്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കവര്‍ച്ചാകേസ് പ്രതികളെ പിടികൂടണമെന്നാണ് ആവശ്യമുയരുന്നത്.