പത്ത് വയസുകാരിയെ തട്ടികൊണ്ടു പോകാന്‍ ശ്രമം പ്രതികള്‍ റിമാന്റില്‍

0

മാനന്തവാടിയില്‍ നിന്നും ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പത്ത് വയസുകാരിയെ കാറിലേക്ക് പിടിച്ചുവലിച്ച് കയറ്റാന്‍ ശ്രമിച്ചെന്ന പരാതിയില്‍ രണ്ട് യുവാക്കളെ മാനന്തവാടി പോലീസ് സി.എ പികെ മണിയും സംഘവും അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ ചൂണ്ടല്‍ കുന്നമത്തില്‍ നിഖില്‍ (27), കാട്ടിക്കുളം ആനപ്പാറ കുളത്തില്‍ വീട്ടില്‍ കെസി ബൈജു (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ പോക്സോ നിയമ പ്രകാരമാണ് കേസ്. കഴിഞ്ഞ ഞായറാഴ്ച താന്നിക്കലില്‍ വെച്ചായിരുന്നു സംഭവം. പ്രതികള്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയുടെ സമീപമെത്തിയ പ്രതികളിലൊരാള്‍ കുട്ടിയുടെ കയ്യില്‍ പിടിച്ചുവെക്കുകയും, മറ്റൊരാള്‍ വായ പൊത്തിപിടിക്കുകയുമായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് വായപൊത്തിയ ആളുടെ കയ്യില്‍ കടിച്ച ശേഷം കുട്ടി ഓടിരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ആദ്യം പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കണ്ടെത്തുകയും, പിന്നീട് പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രതികളെ രണ്ട് പേരെയും കുട്ടി തിരിച്ചറിഞ്ഞതോടെ ഇന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതികളുടെ കൂടെ മറ്റ് മൂന്ന് പേര്‍കൂടി ഉണ്ടായിരുന്നൂവെങ്കിലും ഇവരാരും തന്നെ കുറ്റകൃത്യത്തില്‍ പങ്കാളികളല്ലെന്നാണ് പോലീസ് വിലയിരുത്തല്‍. സംഭവം നടക്കുമ്പോള്‍ എല്ലാവരും മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. കല്‍പ്പറ്റ പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!