സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ മൈതാനത്ത് നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയില്‍ കലാ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. ഏപ്രില്‍ 24 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ വൈകീട്ട് ആറുമുതലാണ് സംസ്ഥാനത്തെ പ്രമുഖ കലാസംഘങ്ങള്‍ മെഗാ ഷോകള്‍ അവതരിപ്പിക്കുക.
ഏപ്രില്‍ 24 ന് വൈകീട്ട് ഇഷാന്‍ ദേവ്, ലക്ഷ്മി ജയന്‍, വിപിന്‍ സേവ്യര്‍, ആബിദ് അന്‍വര്‍, നീതു ഫൈസല്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന ലൈവ് മ്യൂസിക് ഫെസ്റ്റ് അരങ്ങേറും. 25 ന് മാപ്പിള കലകളെ കോര്‍ത്തിണക്കിയ ഇശല്‍ നൈറ്റ്, 26 ന് എത്തിനിക് ഫോക്ക് ബാന്‍ഡ് പാലപ്പള്ളി ഫെയിം അതുല്‍ നറുകരയും സംഘവും ‘സോള്‍ ഓഫ് ഫോക്ക്’ എന്ന പേരില്‍ സംഗീത പരിപാടി അവതരിപ്പിക്കും. 27 ന് കൊച്ചിന്‍ കലാഭവന്‍ മെഗാ ഷോ അരങ്ങറും. 28 ന് ഉണര്‍വ്വ് നാടന്‍ കലാസംഘത്തിന്റെ നാടന്‍ കലാവതരണവും കോഴിക്കോട് ‘ടീം അക്രോബാറ്റിക്’ ഷോയും നടക്കും. 29 ന് ഷഹബാസ് അമന്റെ നേതൃത്വത്തില്‍ ഗസല്‍ സന്ധ്യ അരങ്ങേറും. ഏപ്രില്‍ 30 ന് ‘ആല്‍മരം’ മ്യൂസിക് ബാന്‍ഡ് സംഗീത പരിപാടികള്‍ അവതരിപ്പിക്കും. ഇത് കൂടാതെ ദിവസവും രാവിലെയും ഉച്ചതിരിഞ്ഞുമായി രണ്ട് സെമിനാറുകള്‍ വീതവും നടക്കും. കാലിക പ്രസക്തമായ സെമിനാറുകള്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് നടക്കുക.
എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയുടെ നടത്തിപ്പിനായി വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ മുഖ്യരക്ഷാധികാരിയും എം.എല്‍.എമാരായ ഒ.ആര്‍. കേളു, ഐ.സി. ബാലകൃഷ്ണന്‍, അഡ്വ. ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി എന്നിവര്‍ രക്ഷാധികാരികളായും ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ചെയര്‍പേഴ്സണും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ്ബാബു ജനറല്‍ കണ്‍വീനറുമായുള്ള സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരികയാണ്. ജില്ലാ കളക്ടര്‍ ഡോ. രേണുരാജിന്റെ അദ്ധ്യക്ഷതയില്‍ ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ സംഘാടകസമിതി യോഗം ചേര്‍ന്നു.
സ്റ്റാളുകള്‍ ഒരുക്കങ്ങള്‍, വിളംബര ജാഥ, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. എന്റെ കേരളം മെഗാ പ്രദര്‍ശന മേള പൂര്‍ണ്ണമായും ഹരിത ചട്ടങ്ങള്‍ പാലിച്ച് നടത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വയനാട് ഇന്‍ഫര്‍മേഷന്‍ ഓഫീസ് പുറത്തിറക്കിയ എന്റെ കേരളം പ്രമോ വീഡിയോ ചടങ്ങില്‍ ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു.
യോഗത്തില്‍ തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന്‍, പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ, അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അഫ്‌സത്ത്, എ.ഡി.എം. എന്‍.ഐ. ഷാജു, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍.) കെ. അജീഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, കിഫ്ബി പ്രതിനിധി കെ.വി. റിജുന്‍, സംഘാടകസമിതി, ഉപസമിതി അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.