കേരളത്തിനോടുള്ള വിവേചനത്തിനെതിരെ പ്രമേയം അവതരിപ്പിച്ചു

0

തൊഴിലുറപ്പ് വേതന വര്‍ദ്ധനവില്‍ കേരളത്തിനോടുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ വിവേചനത്തിനെതിരെ കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡിയില്‍ പ്രമേയം അവതരിപ്പിച്ചു.അസോസിയേഷന്‍ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വയനാട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി പ്രമേയ അവതരണം നടത്തി.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ രാജ്യത്തിന് മാതൃകയാണ് കേരളം.പദ്ധതി വിഹിതത്തിലും തൊഴിലുറപ്പ് വേതനത്തിലും തുടര്‍ച്ചയായി കേരളത്തോട് വിവേചനം കാണിക്കുന്ന സമീപനമാണ് കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിക്കുന്നത്.തൊഴിലുറപ്പ് വേതനം നിശ്ചയിക്കുന്നത് തൊഴിലുറപ്പ് നിയമം സെക്ഷന്‍ 6(1) പ്രകാരമാണ്.ഓരോ സംസ്ഥാനത്തിന്റെയും മിനിമം വേജസ് ആക്ട് പ്രകാരമുള്ള വേതനവും ജീവിത സൂചികയും മഹാത്മാഗാന്ധി എന്‍ആര്‍ഇജിഎ കൂലി നിശ്ചയിക്കുന്നതില്‍ പരിഗണിക്കും.2023 മാര്‍ച്ചിലെ പുതുക്കിയ തൊഴിലുറപ്പ് വേതനത്തിലും കേരളത്തിന് വലിയ വിവേചനമാണ് നേരിടേണ്ടി വന്നത്.837 രൂപ മിനിമം വേതനമുള്ള കേരളത്തിന് തൊഴിലുറപ്പ് വേതനമായി അനുവദിച്ചത് 333 രൂപ മാത്രമാണ്.എന്നാല്‍ 420 രൂപ മാത്രം മിനിമം കൂലിയുള്ള ഹരിയാനയ്ക്ക് തൊഴിലുറപ്പ് വേതനമായി നിശ്ചയിച്ചത് 352 രൂപയാണ്.ഇതിനു സമാനമാണ് മറ്റു സംസ്ഥാനങ്ങളിലെയും വര്‍ദ്ധനവ്. ഈ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ആനുപാതികമായുള്ള വര്‍ദ്ധനവില്‍ കേരളത്തിന് 600 രൂപയെങ്കിലുമാണ് ലഭിക്കേണ്ടത്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് വേതനത്തില്‍ നിലനില്‍ക്കുന്ന കടുത്ത വിവേചനം അവസാനിപ്പിച്ച് അര്‍ഹമായ മിനിമം കൂലി 600 രൂപയാക്കി അനുവദിച്ചു തരണമെന്നും പദ്ധതി നടത്തിപ്പില്‍ പ്രധാന ചുമതല വഹിക്കുന്ന ബ്ലോക്ക് പഞ്ചായത്തുകളുടെ സംഘടനയായ കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രമേയത്തിലൂടെ കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!