ബത്തേരി: വടക്കനാട് ഗ്രാമത്തില്‍ അനുഭവപ്പെടുന്ന വന്യമൃഗ ശല്യത്തിന് പരിഹാരം കാണാന്‍ അടിയന്തരമായി പ്രഖ്യാപിച്ച പദ്ധതികള്‍ വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് മൂന്നാംഘട്ട സമരത്തിനൊരുങ്ങി വടക്കനാട്ടെ കര്‍ഷകജനത. കഴിഞ്ഞ ദിവസം വടക്കനാട് ചേര്‍ന്ന ഗ്രാമ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തുടക്കമെന്ന നിലയില്‍ ജനുവരി 19ന് സൂചന സമരം നടത്തും.
വന്യമൃഗ ശല്യത്താല്‍ പൊറുതിമുട്ടിയ വടക്കനാട് കര്‍ഷകജനത മുമ്പ് രണ്ട് തവണ നടത്തിയ നിരാഹരസമരത്തിന്റെ ഫലമായി പ്രദേശത്ത് വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതിന്നായി 51 കോടിരൂപയുടെ പദ്ധതി രൂപീകരിച്ച് അതിന്റെ ഡി.പി.ആര്‍ സര്‍ക്കാറിലേക്ക് അയക്കുകയും അത് അംഗീകരിക്കുകയും ചെയ്തതാണ്. എന്നാല്‍ ആറുമാസം പിന്നിട്ടിട്ടും പദ്ധതി നടപ്പാക്കാന്‍ യാതൊരുവിധ ശ്രമവും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുമുണ്ടാവുന്നില്ല.ഇതില്‍ പ്രതിഷേധിച്ചാണ് മൂന്നാംഘട്ടസമരവുമായി ഗ്രാമസംരക്ഷണ സമിതി രംഗത്തു വരുന്നത്. ഇതിന്റെ മുന്നോടിയായി കഴിഞ്ഞ ദിവസം സമതിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് തീരുമാനം എടുക്കുകയും ചെയ്തു.