വയനാട് മെഡിക്കല്‍ കോളേജ് വികസന പാതയില്‍
വയനാട് മെഡിക്കല്‍ കോളേജിന്റെ വികസന പാതയില്‍ നാഴികകല്ലായി മെഡിക്കല്‍ ഒ.പി ബ്ലോക്കും, കാത്ത് ലാബും പ്രവര്‍ത്തനം ആരംഭിക്കുന്നു. ഏപ്രില്‍ 2ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും.46 കോടി രൂപ ചിലവിലാണ് ഏഴ് നിലകളിലായി മള്‍ട്ടിപ്ലക്‌സ് ബില്‍ഡിംഗ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്.സ്ഥലപരിമിതി മൂലം വീര്‍പ്പ് മുട്ടുന്ന മെഡിക്കല്‍ കോളേജിന് ഏറെ ആശ്വാസകരമായി മാറും മള്‍ട്ടിപ്ലക്‌സ് കെട്ടിടം
മെഡിക്കല്‍ ഒപികള്‍, എക്‌സ് റേ,റേഡിയോളജി, നെഫ്രോളജി, ഡയാലിസിസ്, മെയില്‍ ,ഫീമെയില്‍ വാര്‍ഡുകള്‍, പാര്‍ക്കിംഗ് സൗകര്യം എന്നിവയാണ് മള്‍ട്ടിപ്ലക്‌സ് കെട്ടിടത്തില്‍ നിലവില്‍ സജ്ജീകരിക്കുക. ജില്ലാശുപത്രിയായിരിക്കുമ്പോഴാണ് ഈ കെട്ടിടത്തിന്റെ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. മെഡിക്കല്‍ കോളേജായി ആശുപത്രിയെ ഉയര്‍ത്തിയതോടെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന് വന്ന ഏറ്റവും പ്രധാന ആവശ്യമായിരുന്നു, കാത്ത് ലാബ് പ്രവര്‍ത്തനമാരംഭിക്കുക എന്നുള്ളത്.1 കോടി മൂപ്പത്തി അഞ്ച് ലക്ഷം രൂപ ചെലവിലാണ് ലാബ് സജ്ജീകരിച്ചിരിക്കുന്നത്, ലാബ് പ്രവര്‍ത്തനമാരംഭിക്കുന്ന തൊടെ ഹൃദയ ശസ്ത്രക്രിയക്കായി ഇനി ചുരമിറങ്ങേണ്ടതില്ല. കൂടാതെ കണ്ണൂര്‍ ജില്ലയിലെ കേളകം, കൊട്ടിയൂര്‍ അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകയിലെ ബാവലി, ബൈരകുപ്പ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും കാത്ത് ലാബ് ഏറെ ഗുണകരമായി മാറും. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്, ജില്ലയുടെ ചുമതല വഹിക്കുന്ന വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രിഎന്നിവര്‍ സംബന്ധിക്കും. ഒ ആര്‍ കേളു എം എല്‍ എ, ബ്‌ളോക്ക് പ്രസി: ജസ്റ്റിന്‍ ബേബി, ആര്‍ എം ഒ ഡോ: അര്‍ജുന്‍ ജോസ്, ലേ സെക്രട്ടറി കെ പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തികള്‍ വിലയിരുത്തി.