പുല്‍പ്പള്ളി മേഖല അതിരൂക്ഷമായ  വരള്‍ച്ചയുടെ പിടിയിലേക്ക്

0

പ്രധാന ജലസ്രോതസായ കബനി നദിയിലും, കന്നാരം പുഴയിലും മുദ്ദള്ളി തോട്ടിലും ജലനിരപ്പ് വന്‍തോതില്‍ താഴുന്നത് ആശങ്കക്കിടയാക്കി കഴിഞ്ഞു. വേനല്‍ ശക്തമായതോടെ കര്‍ണാടകത്തില്‍ കൃഷിയടക്കമുള്ള വിവിധ ആവശ്യങ്ങള്‍ക്കായി ബീച്ചനഹള്ളി അണക്കെട്ട് തുറന്ന് കൂടുതല്‍ വെള്ളം ഒഴുക്കിത്തുടങ്ങിയതാണ് കബനിയിലെ ജലനിരപ്പ് താഴാനുള്ള പ്രധാന കാരണം.വേനല്‍ ഇനിയും ശക്തമായാല്‍ ജലവിതരണമടക്കം മുടങ്ങാനുള്ള സാധ്യതയാണുള്ളത്.

മേഖലയിലെ കാര്‍ഷിക മേഖലയ്ക്ക് ആവശ്യമായ ജലം പോലും ഇപ്പോള്‍ കബനിയില്‍ നിന്നും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.  മേഖലയില്‍ ഇത്തവണ വേനല്‍മഴ കാര്യമായി ലഭിക്കാത്തതാണ് ജലക്ഷാമത്തിനുള്ള പ്രധാന കാരണം. ദിനേന 40 ലക്ഷം ലിറ്റര്‍ ജലമാണ് പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലേക്ക് കുടിവെള്ളത്തിനായി എടുക്കുന്നത്. ഇരുപഞ്ചായത്തുകളിലുമായി 8000 കുടിവെള്ള കണക്ഷനുകളാണുള്ളത്. മുന്‍വര്‍ഷങ്ങളില്‍ താല്‍ക്കാലിക തടയണകള്‍ നിര്‍മ്മിച്ചായിരുന്നു പമ്പിങ് നടത്തിയിരുന്നത്. വീണ്ടും അതേ അവസ്ഥയിലേക്ക് തന്നെയാണ് സ്ഥിതിഗതികള്‍ മാറിക്കൊണ്ടി രിക്കുന്നത്.കുംഭമാസത്തിലെ കഠിനമായ വേനല്‍ പിന്നിട്ടിട്ടും ജില്ലയില്‍ ചൂടിന് ഒരു കുറവുമില്ലാത്ത അവസ്ഥയാണ്. വന്യജീവി സങ്കേതത്തിലടക്കമുള്ള നീര്‍ചാലുകളും വരണ്ടുണങ്ങി തുടങ്ങിയിട്ടുണ്ട്.

ഇതുവരെ കാട്ടുതീ ഉണ്ടായില്ലെങ്കിലും വേനല്‍ ശക്തമായാല്‍ അതുമുണ്ടായേക്കുമെന്ന ആശങ്കയിലാണ് വനപാലകര്‍. ഫയര്‍ലൈന്‍ ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ ഇതിനകം തന്നെ മേഖയില്‍ സ്വീകരിച്ചിട്ടുണ്ട്. വന്യജീവി സങ്കേതത്തിനുള്ളിലെ ജലാശയങ്ങള്‍ വറ്റിയാല്‍ വന്യമൃഗശല്യം രൂക്ഷമാകാനുള്ള സാധ്യതയും നിലനില്‍ക്കുകയാണ്. ജലാശയങ്ങള്‍ തേടി വന്യമൃഗങ്ങള്‍ കാടിന് പുറത്തേക്കെത്തിയാല്‍ അതും പ്രതിസന്ധി സൃഷ്ടിക്കും.വേനല്‍ ശക്തമാവുമ്പോഴും മേഖലയിലെ തടയണകളില്‍ വേണ്ടത്ര ജലസംഭരണം നടക്കുന്നില്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. പതിവായി വരള്‍ച്ചയുണ്ടാകുന്ന കുടിയേറ്റ മേഖലക്കായി പ്രഖ്യാപിച്ച വരള്‍ച്ചാ ലഘൂകരണ പദ്ധതി പോലും ഇനിയും എങ്ങുമെത്തിയിട്ടില്ല.

 

കബനിയില്‍ ജലനിരപ്പ് താഴ്ന്നതോടെ കൊളവള്ളിയിലും മരക്കടവിലും പാടങ്ങള്‍ വിണ്ടുകീറിയ അവസ്ഥയിലാണ്. കന്നുകാലികളെ മേയാന്‍ വിടാന്‍ പോലും സാധിക്കാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പാടങ്ങളില്‍ കന്നുകാലികള്‍ക്കും മറ്റും വെള്ളം കുടിക്കാന്‍ ഉപകരിക്കുമായിരുന്ന ജലസ്രോതസുകള്‍ വരണ്ടുണങ്ങി കഴിഞ്ഞു. മേഖലയിലെ നെല്‍കൃഷിയുടെ കേന്ദ്രമായിരുന്ന ചേകാടിപ്പാടത്ത് പുഞ്ചകൃഷി നടത്തുന്നവരുടെ എണ്ണവും കുറഞ്ഞുകഴിഞ്ഞു. മതിയായ ജലസേചന സംവിധാനമില്ലാത്തതാണ് ഇതിന് കാരണം. കബനിയില്‍ നിന്നും വെള്ളം പമ്പ് ചെയ്യുന്ന ഭാഗത്ത് ജലമില്ലാതായാണ് ഇവിടേക്കുള്ള ജലസേചനം മുടങ്ങാനുള്ള കാരണം. ആഴമുള്ള ഭാഗത്തേക്ക് പമ്പ് മാറ്റി വരും ദിവസങ്ങളില്‍ ജലസേചനം നടത്തണമെന്നതാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!