കാട്ടാനശല്യത്തില്‍ പൊറുതിമുട്ടി നടവയല്‍ പ്രദേശം
നടവയല്‍ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം. കഴിഞ്ഞ രാത്രി ടൗണില്‍ എത്തിയ കാട്ടാന കൂട്ടം വീടുകളുടെ മുറ്റത്തും , കൃഷിയിടത്തിലു മുണ്ടായിരുന്ന വാഴ, പൂചെടികള്‍ അടക്കം നിരവധി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. നെയ്ക്കുപ്പ ചെക്ക്‌പോസ്റ്റ് പരിസരത്ത് നിന്ന് രാത്രിയില്‍ പ്രധാന റോഡു വഴിയാണ് ആനകള്‍ കൃഷിയിടത്തിലേക്ക് എത്തുന്നത് .
ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് നടവയല്‍ ടൗണിലെ ഹെല്‍ത്ത് സെന്ററിന് സമീപത്തെ തോട്ടത്തില്‍ ആനകള്‍ എത്തിയത് . നടവയല്‍ നെയ്ക്കുപ്പ റോഡില്‍ രാവിലെ ബസ് കേറാന്‍ നടന്ന് വന്ന ആളെ ആന ഓടിച്ചിരുന്നു . റോഡരികിലെ വീട്ടുമുറ്റത്തും , കൃഷിയിടത്തിലും വ്യാപക നാശനഷ്ടം വരുത്തിയ ആനകള്‍ വെളുപ്പിന് കക്കോടന്‍ ബ്ലോക്ക് വഴി കാട്ടിലേക്ക് കയറി .
വനത്തില്‍ നിന്നും ഏറെ അകലെയുളള നടവയല്‍ ടൗണില്‍ വരെ ആനകള്‍ എത്തിയത് നാട്ടുകാരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട് . കഴിഞ്ഞ ദിവസം നെയ്ക്കുപ്പയില്‍ ആനയിറങ്ങി കൃഷി നശിപ്പിച്ചതിനെ തുടര്‍ന്ന് , കര്‍ഷകന്‍ ബാക്കിയുള്ള കാര്‍ഷിക വിളകള്‍ കൂടി വനം വകുപ്പിനോട് പ്രതിഷേധ സൂചകമായി വെട്ടി നശിപ്പിച്ചിരുന്നു . ഇതിന് പിന്നാലെയാണ് കഴിഞ്ഞ രാത്രി ആനകള്‍ നടവയല്‍ ടൗണില്‍വരെ എത്തിയത് . വനാതിര്‍ത്തിയില്‍ വൈദ്യുതി വേലി തകര്‍ന്ന് കിടക്കുന്നത് നന്നാക്കാനോ , കിടങ്ങ് നവീകരിക്കാനോ വനം വകുപ്പ് അധികൃതര്‍ ഒരു നടപടിയും സ്വികരിക്കുന്നില്ലന്ന് നാട്ടുകാര്‍ പറഞ്ഞു . വന്യമൃഗ ശല്യം പരിഹരിക്കാന്‍ നടപടി വൈകുന്ന പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കം കുറിക്കാനാണ് എഫ് ആര്‍ എഫ് അടക്കമുള്ള വിവിധ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത് .