കൃഷി വകുപ്പില്‍ കരാര്‍ ജീവനക്കാര്‍ക്കെതിരെ വകുപ്പ് തല അന്വോഷണം.ഒരു തുണ്ട് ഭൂമി പോലും ഇല്ലാതെ പി.എം.കിസാന്‍ പദ്ധതിയില്‍ നിന്നും പണം തട്ടിയെടുത്തു എന്ന പരാതിയില്‍ അന്വോഷണം നടത്താന്‍ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി.പതിനെട്ട് കരാര്‍ ജീവനക്കാക്കെതിരെയാണ് പരാതി. സെപ്തംബര്‍ ഒന്നിന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ഹാജരാവാനും നിര്‍ദേശം.കൃഷി വകുപ്പില്‍ വര്‍ഷങ്ങളായി കാരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ജീവനക്കാരാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്.
വേലി തന്നെ വിളവ് തിന്നുന്നു എന്ന മട്ടിലാണ് ജില്ലയിലെ കൃഷിഭവനുകളിലെ കളി. ഒരു തുണ്ട് ഭൂമി പോലുമില്ലാതെ പി.എം.കിസാന്‍ പദ്ധതിയില്‍ നിന്നും പണം തട്ടിയെന്നാണ് പരാതി ഉയര്‍ന്നത്. ജില്ലയില്‍ ഇത്തരത്തില്‍ 18 പേരാണ് പണം തട്ടിയതായി പരാതി ഉയര്‍ന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ പ്രന്‍സിപ്പല്‍ കൃഷി ഓഫീസില്‍ നിന്നും ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ജ്യോതി പി ബിന്ദു, രാജി വര്‍ഗ്ഗീസ് എന്നിവരെ പരാതി അന്വോഷിക്കാന്‍ തീരുമാനിച്ചിട്ടുമുണ്ട്. പരാതിയില്‍ പറഞ്ഞ 18 പേര്‍ സെപ്തംബര്‍ ഒന്നിന് രാവിലെ 10.30 മുതല്‍ 12 വരെ സമയത്തിനുള്ളില്‍ കല്‍പ്പറ്റ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ഹാജരാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഹാജരാവുന്നവര്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, 2018,മുതല്‍ 22 – 23 വര്‍ഷത്തെ നികുതി ചീട്ടും കൊണ്ടുവരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.പരാതിയില്‍ പേര് പറഞ്ഞവരെ അതാത് കൃഷി ഓഫീസര്‍മാര്‍ 29 ന് മുന്‍പായി ഈ കാര്യങ്ങള്‍ അറിയിക്കണമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസറുടെ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.