കോഴിക്കോട് സമാപിച്ച സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് തിളക്കമാര്‍ന്ന ജയം. ജനറല്‍ വിഭാഗത്തില്‍ മാറ്റുരച്ച 1026 വിദ്യാലയങ്ങളില്‍ 49 പോയന്റുമായി സ്‌കൂള്‍ പതിനേഴാം സ്ഥാനത്തെത്തി. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ മാത്രമായി 34 പോയന്റുകളോടെ പതിനാലാം സ്ഥാനമുണ്ട്. ഹൈസ്‌കൂള്‍ – ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ ചെണ്ടമേളം, ഹയര്‍ സെക്കണ്ടറി വിഭാഗം മൂകാഭിനയം തുടങ്ങിയ ഇനങ്ങളില്‍ എ. ഗ്രേഡുണ്ട്.
എച്ച്.എസ്.എസ് വിഭാഗം മൂകാഭിനയത്തില്‍ ജില്ലയില്‍ നിന്നും അപ്പീലുമായാണ് സംസ്ഥാന തല മത്സരത്തില്‍ മാറ്റുരച്ചിരുന്നത്. വ്യക്തിഗത ഇനങ്ങളില്‍ മത്സരിച്ച നിരഞ്ജ് കെ. ഇന്ദ്രന്‍ (മോണോ ആക്ട്), ഷാരോണ്‍ സാറ സാബു (മോണോ ആക്ട് – പെണ്‍), ഐറിന്‍ ജോര്‍ജ് (ഇംഗ്ലീഷ് പദ്യംചൊല്ലല്‍), ഭാവ പ്രിയ ( മൃദംഗം), ഫാത്തിമ നഫ് ല ( അറബി കവിതാ രചന ) , അശ്വതി ബിജു (സംസ്‌കൃതം കവിതാ രചന) എന്നിവര്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും , സിദ്ധാര്‍ത്ഥ് എസ്. രാജ് (വയലിന്‍ ), ആര്‍ദ്ര ജീവന്‍ (പെന്‍സില്‍ ഡ്രോയിംഗ് ), ആദിത്യ എം.എസ് (ശാസ്ത്രീയ സംഗീതം) എന്നിവര്‍ ഹൈസ്‌കൂള്‍ വിഭാഗത്തിലും ജേതാക്കളായി.