എന്‍.ഐ.എ. റെയ്ഡില്‍ മൊബൈല്‍ ഫോണടക്കം പ്രധാന രേഖകള്‍ കണ്ടെടുത്തു
മാനന്തവാടി താഴെയങ്ങാടിയിലെ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ ഫസല്‍ റഹ്‌മാന്‍, പി.എഫ്.ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗം പീച്ചങ്കോട് പി.ടി.സിദ്ദീഖ്, വെള്ളമുണ്ട പി.എഫ്.ഐ കണ്ണൂര്‍ സോണല്‍ സെക്രട്ടറിയായിരുന്ന പുലിക്കാട് കെ.പി.അഷറഫ്, ബത്തേരി ചോലക്ക് അബ്ദുള്‍ ജലീല്‍ തുടങ്ങിയവരുടെ വീടുകളിലായിരുന്നു എന്‍.ഐ.എ റെയ്ഡ് . ഇവിടങ്ങളില്‍ നിന്നും ഹാഡ് ഡിസ്‌ക്, മൊബൈല്‍ ഫോണ്‍, തുടങ്ങി ചില പ്രധാന രേഖകളും എന്‍.ഐ.എ. കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് ആരംഭിച്ച റെയ്ഡ് പുലര്‍ച്ചെ 6 മണിവരെ നീണ്ടു.
ഡല്‍ഹിയില്‍ എന്‍.ഐ.എ. കസ്റ്റഡിയില്‍ ഉള്ള പി.എഫ്.ഐ. പ്രധാന നേതാക്കളുടെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് ജില്ലയിലും പി.എഫ്.ഐ. പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടന്നത്. റെയ്ഡിന്റെ കൂടതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. ഡി.വൈ.എസ്.പി. പുറമ ഇന്‍സെപ്ക്ടര്‍മാരായ വിനയ് ഗൂര്‍മിത്, അജയ് ഖാദം, അഖിലേഷ് തുടങ്ങിയവരും ജില്ലയിലെ പോലീസ് സേനയും റെയ്ഡില്‍ പങ്കെടുത്തു.